തിരുവനന്തപുരം- കെ.പി.സി.സി പ്രസിഡന്റായി ചുമതലയേൽക്കാൻ തലസ്ഥാന നഗരിയിൽ എത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് ആവേശോജ്വല സ്വീകരണം.
നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്ന് 12 മണിക്ക് അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേൽക്കും. ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തോടൊപ്പം ഭാര്യ ഉഷയും, മകൾ പാർവതിയും ഉണ്ടായിരുന്നു. തിരുവനന്തപുരം ഡി.സി.സിയുടെ ആഭിമുഖ്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന് സ്വീകരണം നൽകിയത്. തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് കെ.പി.സി.സി പ്രസിഡന്റായി ചുമതയേൽക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പാർട്ടിയെ ഐക്യത്തോടും അച്ചടക്കത്തോടും നയിക്കും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. അതിനു വേണ്ട പ്രവർത്തനങ്ങൾ നടത്തും. ഫാസിസ്റ്റ് വിപത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ. കോൺഗ്രസിന് പകരം വയ്ക്കാൻ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമില്ല.
മോഡി സർക്കാരിനെ കടപുഴക്കിയെറിയാൻ എല്ലാ മതനിരപേക്ഷ ശക്തികളുടെയും പിന്തുണ ആവശ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.