Sorry, you need to enable JavaScript to visit this website.

ട്രെയിനുകൾ അഞ്ചു മിനിറ്റിലധികം വൈകില്ലെന്ന് റെയിൽവേയുടെ ഉറപ്പ് 

തിരുവനന്തപുരം- പ്രതിദിന ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ച് മിനിറ്റിൽ താഴെയാക്കാമെന്ന് റെയിൽവേ അധികൃതർ എം.പിമാരുടെ യോഗത്തിൽ ഉറപ്പ് നൽകിയെന്ന് കെ.സി. വേണുഗോപാൽ എം.പി.
ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ, കാലപ്പഴക്കം വന്ന റെയിലുകൾ മാറ്റി സ്ഥാപിക്കുന്നത്, ലോക്കോ പൈലറ്റുമാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാണ് ഇപ്പോഴത്തെ അനിശ്ചിതമായ വൈകലിന് കാരണമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ കുലശ്രേഷ്ട യോഗത്തിൽ പറഞ്ഞുവെങ്കിലും യോഗത്തിൽ പങ്കെടുത്ത എം.പിമാർ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.
റെയിൽവേ ഉദ്യോഗസ്ഥരുടെ അലഭാവവും കെടുകാര്യസ്ഥതയുമാണ് പ്രതിദിന ട്രെയിനുകൾ എല്ലാ ദിവസവും മണിക്കൂറുകളോളം വൈകുന്നതിനു കാരണമെന്നും ഇന്റർ സിറ്റിയിലും വഞ്ചിനാടിലും ഏറനാട് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ വൈകിയോട്ടം കാരണം സർക്കാർ സ്വകാര്യ ജീവനക്കാർ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച വേണുഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ തൃപ്തികരമായ മറുപടിയും പരിഹാര മാർഗങ്ങളും ഉണ്ടായില്ലെങ്കിൽ യോഗം നടത്തേണ്ട കാര്യമില്ലെന്ന് ഒരു ഘട്ടത്തിൽ എം.പിമാർ നിലപാടെടുത്തതോടെയാണ് അഞ്ചു മിനിറ്റിൽ കൂടുതൽ ഒരു പ്രതിദിന ട്രെയിനും വൈകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് റെയിൽവേ ഉറപ്പു നൽകിയത്. ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഓപറേറ്റിങ് മാനേജർ എസ്. അനന്തരാമന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ട്രെയിൻ ഗതാഗതം കർശനമായി നിരീക്ഷിക്കുന്നതിന് ഇന്ന് മുതൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. 
പുതുക്കിയ ടൈം ടേബിളാണ് ഇപ്പോഴത്തെ ട്രെയിൻ ഗതാഗതം താറുമാറാക്കുന്നതിനു കാരണമായിരിക്കുന്നത് എന്നതിനാൽ പഴയ ടൈം ടേബിൾ തന്നെ പുനഃസ്ഥാപിച്ചാൽ മതിയെന്ന് യോഗത്തിൽ വേണുഗോപാൽ ആവശ്യപ്പെട്ടു. ഇപ്പോൾ നടന്നു വരുന്ന ട്രാക്ക് അറ്റകുറ്റപ്പണികളടക്കമുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ചു രണ്ട് മാസത്തിനകം പഴയ ടൈംടേബിൾ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ജനറൽ മാനേജർ പറഞ്ഞു. 
കേരളത്തിന് അനുവദിച്ച എൽ.എച്ച്.ബി കോച്ചുകൾ കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ തന്നെ ഉപയോഗിക്കുന്നതിനു നടപടി വേണമെന്നും ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെ എൽ.എച്ച്.ബി കോച്ചുകൾ കേരളത്തിനു ലഭ്യമായിട്ടില്ലെന്നും എം.പി യോഗത്തിൽ ചൂണ്ടിക്കാട്ടി. പാൻട്രി ഇല്ലാതെയാണ് എൽ.എച്ച്.ബി കോച്ചുകളുടെ നിർമ്മാണം നടന്നതെന്നതിനാൽ ആ സൗകര്യം കൂടി ഏർപ്പെടുത്തിയ ശേഷം തെരഞ്ഞെടുത്ത ട്രെയിനുകളിൽ എൽ.എച്ച്.ബി കോച്ചുകൾ ഉപയോഗിക്കാനാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. കൊച്ചുവേളി, ബാംഗ്ലൂർ എക്‌സ്പ്രസിൽനിന്നു ഒഴിവാക്കിയ ലേഡീസ് കമ്പാർട്ട്‌മെൻറ് ഉടൻ പുനഃസ്ഥാപിക്കുമെന്ന് ജനറൽ മാനേജർ യോഗത്തിൽ ഉറപ്പ് നൽകി. തീരദേശ പാതയിലെ പാത ഇരട്ടിപ്പിക്കൽ അനിശ്ചിതമായി വൈകിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. നിർമ്മാണം പുരോഗമിക്കുന്ന അമ്പലപ്പുഴ-ഹരിപ്പാട് പാത വരുന്ന മാർച്ചോടെ കമ്മീഷൻ ചെയ്യാനാകുമെന്ന് റെയിൽവേ യോഗത്തിൽ ഉറപ്പ് നൽകി. 
മെമു ട്രെയിനുകളുടെ സമയം യാത്രക്കാർ ഗുണകരമായ രീതിയിൽ പുനഃക്രമീകരിക്കണമെന്നും പാസഞ്ചർ ട്രെയിനുകൾ സമയം പാലിക്കുന്നതിനു നടപടി വേണമെന്നും വേണുഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രതിദിന ട്രെയിനുകളുടെ അശാസ്ത്രീയമായ ക്രോസിംഗ്, സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം, എം.പി ഫണ്ട് വിനിയോഗിക്കാനായി നിർദ്ദേശിക്കപ്പെട്ട പദ്ധതികൾ  നടപ്പാക്കുന്നതിൽ റെയിൽവേയുടെ മെല്ലപ്പോക്ക് അവസാനിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 
 

Latest News