-ബോക്‌സിംഗ് പോരാട്ടം വെള്ളിയാഴ്ച -ടിക്കറ്റ് 10 റിയാൽ മുതൽ
ജിദ്ദ - മുഹമ്മദലി കപ്പിനു വേണ്ടിയുള്ള വേൾഡ് സൂപ്പർ ബോക്‌സിംഗ് സീരീസിലെ സൂപ്പർ മിഡിൽവെയ്റ്റ് പോരാട്ടത്തിന് വെള്ളിയാഴ്ച ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയം വേദിയാവും. മുഹമ്മദലി കപ്പിനു വേണ്ടിയുള്ള പ്രഥമ സീസൺ പോരാട്ടത്തിന്റെ കലാശക്കളിയിലാണ് ജോർജ് ഗ്രോവ്‌സും കാലം സ്മിത്തും തമ്മിൽ 12 റൗണ്ട് മത്സരം വെള്ളിയാഴ്ച അരങ്ങേറുക. കഴിഞ്ഞ വർഷം ജൂണിൽ മോണകോയിൽ ആരംഭിച്ച പോരാട്ടങ്ങളുടെ പരിസമാപ്തിയാണ് ഇത്. മുൻ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ ഇവാൻഡർ ഹോളിഫീൽഡ്, ബ്രിട്ടിഷ് ബോക്‌സർ നസീം ഹമദ്, മുഹമ്മദലിയുടെ മകളും ബോക്‌സറുമായ ലൈല അലി ഉൾപ്പെടെ പ്രമുഖർ മത്സരത്തിന് സാക്ഷികളാവും. ഹോളിഫീൽഡ് ഇന്നലെ ജിദ്ദയിലെത്തി.

10,000 പേർക്കിരിക്കാവുന്ന അരീനയിലായിരിക്കും മത്സരം 10 രൂപ മുതലാണ് ടിക്കറ്റ്. 500 റിയാൽ, 100 റിയാൽ, 30 റിയാൽ നിരക്കിലും ടിക്കറ്റുകളുണ്ട്. ടിക്കറ്റുകൾക്കായി www.sauditickets.sa/en എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അതേ സൈറ്റിൽ നിന്ന് ടിക്കറ്റും ലഭിക്കുക. അറബിക്കിലും ഇംഗ്ലിഷിലും രജിസ്റ്റർ ചെയ്യാൻ സംവിധാനമുണ്ട്.
വെളളിയാഴ്ചത്തെ പോരാട്ടത്തിൽ ഗ്രോവ്‌സിന് ഡബ്ല്യു.ബി.എ സൂപ്പർ വേൾഡ് കിരീടം നിലനിർത്തണം. ഡച്ച് താരം നിക്കി ഹോൾസ്‌കൻ, സ്വീഡന്റെ എറിക് സ്‌കോഗ്‌ലന്റ് എന്നിവരെ തോൽപിച്ചാണ് കാലം സ്മിത്ത് ഫൈനലിൽ സ്ഥാനം പിടിച്ചത്. കാലം ഇതുവരെ തോൽവിയറിയാത്ത കളിക്കാരനാണ്. ഗ്രോവ്‌സ് മൂന്നാം തവണയാണ് ഡബ്ല്യു.ബി.എ സൂപ്പർ വേൾഡ് ടൈറ്റിൽ നിലനിർത്താൻ പൊരുതുന്നത്. ബ്രിട്ടിഷ് താരങ്ങൾ തന്നെയായ ജെയ്മി കോക്‌സ്, ക്രിസ് യൂബാങ്ക് ജൂനിയർ എന്നിവരായിരുന്നു മുൻ എതിരാളികൾ. 'ഞാനാണ് ലോക ചാമ്പ്യൻ, നമ്പർ വൺ, ജിദ്ദയിൽ ഉജ്വല പോരാട്ടത്തോടെ അലി ട്രോഫി വിജയിക്കാനായി ഒരുങ്ങുകയാണ്' -ഗ്രോവ്‌സ് പറഞ്ഞു. എന്നാൽ ഡബ്ല്യു.ബി.എ ചാമ്പ്യനാവാനും ലോക ഒന്നാം നമ്പർ സ്ഥാനത്തെത്താനും അതുവഴി ബോക്‌സിംഗിലെ റാങ്കിംഗ് സമവാക്യങ്ങൾ തിരുത്തിക്കുറിക്കാനുമുള്ള വേദിയാവും ജിദ്ദയെന്ന് സ്മിത്ത് പ്രഖ്യാപിച്ചു.
പ്രമുഖ താരങ്ങൾ പങ്കെടുത്ത ഡബ്ല്യു.ഡബ്ല്യു.ഇ മത്സരങ്ങൾക്ക് ഏതാനും മാസം മുമ്പ് ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയം വേദിയായിരുന്നു.






