ട്രംപ് അമേരിക്കയെ നന്നാക്കിയ കഥ പറഞ്ഞു; ലോക നേതാക്കള്‍ക്ക് ചിരിയടക്കാനായില്ല- Video

യുഎന്‍- 'ഈ പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല,' യുഎന്നില്‍ കഴിഞ്ഞ ദിവസം പ്രസംഗിക്കുന്നതിനിടെ ലോക നേതാക്കള്‍ കൂട്ടത്തോടെ ചിരിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പറഞ്ഞതാണിത്. യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രസംഗം കൂട്ടച്ചിരി പടര്‍ത്തിയത്. പറഞ്ഞത് തമാശ ആയിരുന്നില്ലെങ്കിലും ട്രംപ് പോലും ചിരിച്ചു പോയി. തന്റെ ഭരണകൂടത്തിനു കീഴില്‍ അമേരിക്കയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്വയം പുകഴ്ത്തിയതാണ് ചിരിപടര്‍ത്തിയത്. ഈ ചിരി ട്രംപിന്റെ പ്രസംഗം അല്‍പ്പ നേരത്തേക്ക് തടസ്സപ്പെടുത്തുകയും ചെയ്തു.  ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ചിരി എല്ലായിടത്തും പടര്‍ന്നു. അമേരിക്ക ആഭ്യന്തര രംഗത്തുണ്ടാക്കിയ നേട്ടങ്ങളാണ് അദ്ദേഹം പറഞ്ഞത്.

'ഞാനിന്ന് ഈ യുഎന്‍ ജനറല്‍ അസംബ്ലിക്കു മുമ്പാകെ നില്‍ക്കുന്നത് ഞങ്ങള്‍ നേടിയ അസാധാരണ നേട്ടങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനാണ്' എന്നു പറഞ്ഞായിരുന്നു തുടക്കം. വെറു രണ്ടു വര്‍ഷം കൊണ്ട് എന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാരിനും കഴിയാത്തിട്ടില്ലാത്തത്ര നേട്ടങ്ങളുണ്ടാക്കി- ട്രംപ് കത്തിക്കയറുകയായിരുന്നു. ഇതു കേട്ടതോടെ വിവിധ രാഷ്ട്രത്തലവന്‍മാര്‍ക്കിടിയില്‍ നിന്ന് ചിരി പൊട്ടി. ഇതോടെ ട്രംപ് ഒന്ന് നിര്‍ത്തി. സത്യമാണ് ഞാന്‍ പറയുന്നതെന്ന് ആവര്‍ത്തിച്ചു. ഇതു കൂടി കേട്ടതോടെ സദസ്സില്‍ നിന്ന് കൂട്ടച്ചിരിയായിരുന്നു. ഈ പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നു പറഞ്ഞ ട്രംപിനും ചിരിയടക്കാനായില്ല.  ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലാണ്. തൊഴിലില്ലായ്മ എക്കാലത്തേയും കുറഞ്ഞ നിരക്കിലായി. അതിര്‍ത്തി സുരക്ഷ കൂടുതള്‍ ശക്തമാക്കി. സൈന്യത്തിനുള്ള ഫണ്ട് ഉയര്‍ത്തി. അടുത്ത വര്‍ഷം വീണ്ടും ഉയര്‍ത്തും. സൈന്യം കൂടുതല്‍ ശക്തരാകും- ട്രംപ് പ്രസംഗം തുടര്‍ന്നു. 

രാഷ്ട്രത്തലവന്‍മാരും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും മാത്രം ഉള്‍ക്കൊള്ളുന്ന യുഎന്‍ ജനറല്‍ അസംബ്ലി കര്‍ശന പ്രൊട്ടോകോള്‍ പിന്തുടരുന്നതിനാല്‍ ഇത്തരത്തില്‍ ചിരിപടരുന്ന അവസരങ്ങള്‍ വളരെ അപൂര്‍വമാണ്.
 

Latest News