Sorry, you need to enable JavaScript to visit this website.

പ്രേതങ്ങളെ പേടിയില്ല; മകന്റെ പിറന്നാള്‍ ശ്മശാനത്തിലാക്കി

ഔറംഗാബാദ്- മകന്റെ പിറന്നാള്‍ ശ്മശാനത്തില്‍ ആഘോഷിച്ച യുക്തിവാദി നേതാവിനെതിരെ മഹാരാഷ്ട്രയില്‍ കേസ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലെ യുക്തിവാദി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി(മാന്‍സ്) പര്‍ഭാനി ജില്ലാ പ്രസിഡന്റ് പന്തരിനാഥ് ഷിന്‍ഡെയാണ് മകന്റെ പിറന്നാളാഘോഷം ശ്മശാനത്തിലാക്കിയത്. ഈ മാസം 19നാണ് സംഭവം നടന്നതെങ്കിലും ഒരു കൂട്ടം പ്രദേശവാസികള്‍ ശ്മശാന പരിസരം ശുദ്ധീകരിക്കാനത്തിയതോടെയാണ് സംഭവം വിവാദമായത്.
ജിന്റൂര്‍ ഗ്രാമത്തിലെ ശ്മശാനത്തിലാണ് പന്തരിനാഥ് മകന്റെ പിറന്നാള്‍ ആഘോഷിച്ചത്. 200 ഓളം അതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍ മാംസം  വിളമ്പിയായിരുന്നു ആഘോഷം. ദുരാചാരത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് മാന്‍സ് നേതാക്കളുടെ വിശദീകരണം.
അതേസമയം, ജിന്റൂര്‍ ബി.ജെ.പി പ്രസിഡന്റ് രാജേഷ് വട്ടാന്‍വാറിന്റെ പരാതിയെ തുടര്‍ന്ന്  പന്തരിനാഥ്  ഷിന്‍ഡെ ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതത്തെ മനപ്പൂര്‍വം അപമാനിക്കല്‍,ആരാധനാ സ്ഥലത്ത അശുദ്ധമാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐ.പി.സി സെക്്ഷന്‍ 295 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മകന്റെ പിറന്നാള്‍ ശ്മശാനത്തില്‍ വെച്ച് ആഘോഷിക്കാന്‍ പ്രാദേശിക ഭരണകൂടത്തില്‍നിന്നും പോലീസില്‍ നിന്നും അനുമതി വാങ്ങിയിരുന്നുവെന്ന്് യുക്തിവാദി നേതാവ് പറഞ്ഞു.
 പ്രേതവും ഭൂതവും പിശാചുമൊന്നും ശ്മശാനത്തില്‍ ഇല്ലെന്ന് പ്രദേശവാസികളെ ബോധ്യപ്പെടുത്താനാണ്  ശ്മശാനത്തില്‍വെച്ച് മകന്റെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അദൃശ്യ ശക്തികളെയും മതാചാരണങ്ങളെയും അപമാനിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണ് മാന്‍സ് നടത്തിയതെന്നാണ് ബി.ജെ.പി നേതാവിന്റെ വാദം.

 

 

Latest News