Sorry, you need to enable JavaScript to visit this website.

ആധാര്‍ ഭരണഘടനാ വിരുദ്ധം തന്നെ; വിയോജിപ്പുമായി ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂദല്‍ഹി-ആധാറിന് ഭരണഘടനാ സാധുത നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഭൂരിപക്ഷ വിധിയോട് യോജിച്ചുകൊണ്ട് തന്നെ താന്‍ വിയോജിപ്പ് അറിയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിധി പറഞ്ഞത്. ആധാര്‍ പദ്ധതി  ഭരണഘടനാവിരുദ്ധമാണെന്ന് ചന്ദ്രചൂഡ് വിലയിരുത്തി. ആധാര്‍ ഇല്ലാതെ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയാണുള്ളത്. സ്വാതന്ത്ര്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതാണ് ആധാര്‍. ഇത് മണി ബില്‍ പോലെ പാസാക്കാനാകില്ലെന്നും വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണി ബില്‍ ആയി ആധാര്‍ നിയമം കൊണ്ടുവന്നത് ഭരണഘടനയുടെ മറവില്‍ നടന്ന തട്ടിപ്പാണ്. ബയോമെട്രിക് വിവരങ്ങള്‍ ഒരിക്കല്‍ കൈമോശം വന്നാല്‍ അത് എന്നന്നേക്കുമുള്ള പ്രശ്‌നമായിരിക്കും. യോമെട്രിക് വിവരങ്ങളില്‍ പാകപ്പിഴയുണ്ടെങ്കില്‍ അത് എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തതയില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
വിവരങ്ങളുടെ സ്വകാര്യതേയും വിവര സുരക്ഷയേയും ആധാര്‍ ലംഘിക്കുന്നുണ്ട്. വിവരങ്ങളുടെ ഉടമസ്ഥത വ്യക്തിക്ക് തന്നെയായിരിക്കണം.
ഭരണഘടനാപരമായ ഉറപ്പുകളില്‍ സാങ്കേതികവിദ്യയുടെ മാറ്റത്തിന് അനുസരിച്ച് വിട്ടുവീഴ്ച ചെയ്യാനാകില്ല. വിവരങ്ങള്‍ ചോരാന്‍ സാധ്യതകളേറെയാണ്. സോഴ്സ് കോഡ് വിദേശ കമ്പനിയുടേതാണ്. ആധാര്‍ അഥോറിറ്റിയായ യുഐഡിഎഐ ലൈസന്‍സി മാത്രമാണ്. 120 കോടി പൗരന്മാരുടെ അവകാശങ്ങള്‍ യുഐഡിഎഐയുമായുള്ള കരാര്‍ മാത്രമായി പരീക്ഷിക്കപ്പെടാനാവില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ആധാര്‍ നമ്പറുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യത അവശേഷിക്കുന്നു. ഭരണഘടനയുടെ 14 ാം വകുപ്പിന് അനുസൃതമല്ല ആധാര്‍.
ടെലികോം കമ്പനികള്‍ ശേഖരിച്ച ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്യണം. നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ ഗുരുതരമായ വിഷയമാണെന്ന് കേസില്‍ വാദം കേള്‍ക്കവെ തന്നെ തന്റെ വ്യക്തിപരമായ അനുഭവം മുന്നില്‍വെച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാണിച്ചിരുന്നു. പരേതനായ ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ. ചന്ദ്രചൂഡ്. അള്‍ഷിമേഴ്‌സ് ബാധിതയായ തന്റെ അമ്മയ്ക്ക് പെന്‍ഷന്‍ അനുവദിച്ച് കിട്ടാന്‍ ആധാര്‍ കാരണം ബുദ്ധിമുട്ടിയെന്നാണ് ചന്ദ്രചൂഡ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നത്.

 

 

Latest News