അബഹ- അല്‍മജാരിദയിലെ അല്‍ഫന്‍ സ്ട്രീറ്റില്‍ തെരുവു വിളക്കു കാലില്‍നിന്ന് ഷോക്കേറ്റ് പത്തു വയസ്സുകാരി ജനാ അല്‍ശഹ്‌രി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അല്‍മജാരിദ ബലദിയ മേധാവിയെയും സേവന വിഭാഗം മേധാവിയെയും വൈദ്യുതി വിഭാഗം മേധാവിയെയും പദവികളില്‍ നിന്ന് നീക്കം ചെയ്ത് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ലത്തീഫ് ആലുശൈഖ് ഉത്തരവിട്ടു. ഇവര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണം നടത്തുന്നതില്‍ വീഴ്ചകള്‍ വരുത്തുന്ന മുഴുവന്‍ പേര്‍ക്കുമെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ അനുയോജ്യവും സുരക്ഷിതവുമായ പരിസ്ഥിതി ഒരുക്കുന്നതിനും സുരക്ഷാ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുമാണ് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം ആഗ്രഹിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പു വരുത്തുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. മന്ത്രാലയ ജീവനക്കാരോ മറ്റുള്ളവരോ നടത്തുന്ന നിയമ ലംഘനങ്ങളെ കുറിച്ച ഏതു പരാതികളും മന്ത്രാലയം സ്വാഗതം ചെയ്യുന്നു. പരാതികള്‍ ശരിയാണെന്ന് തെളിയുന്ന പക്ഷം കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബാലികയുടെ മരണത്തിന് കാരണക്കാരായവര്‍ക്കും വീഴ്ചകള്‍ വരുത്തിയവര്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് അസീര്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്‍ നിര്‍ദേശിച്ചു. ഇവര്‍ക്കെതിരായ കേസ് എത്രയും വേഗം പബ്ലിക് പ്രോസിക്യൂഷന് കൈമാണം. സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തുന്നതിന് അസീര്‍ മേയര്‍ ഡോ.വലീദ് അല്‍ഹുമൈദിയും ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിന് മേയര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ വക്താവ് മാജിദ് അല്‍ശഹ്‌രി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ദേശീയ ദിനാഘോഷത്തിനിടെയാണ് സൗദി ബാലികക്ക് തെരുവു വിളക്കു കാലില്‍ നിന്ന് ഷോക്കേറ്റത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അല്‍ഫന്‍ സ്ട്രീറ്റിലെത്തിയ ബാലിക മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ നിന്ന് അപ്രതീക്ഷിതമായി ഷോക്കേറ്റ് നിലംപതിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ ബാലിക മരിക്കുകയും ചെയ്തു.
ക്യാപ്.
ദേശീയ ദിനാഘോഷത്തിനിടെ അല്‍മജാരിദയില്‍ തെരുവു വിളക്കു കാലില്‍നിന്ന് ഷോക്കേറ്റ് മരിച്ച സൗദി ബാലിക ജനാ അല്‍ശഹ്‌രി.
---