ഹറമൈന്‍ ട്രെയിന്‍ ഉദ്ഘാടനം ചെയ്തു; കന്നി യാത്രയില്‍ രാജാവ്


* ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് ട്രെയിനില്‍ സല്‍മാന്‍ രാജാവിന്റെ കന്നിയാത്ര

* മക്ക-മദീന യാത്രാ സമയം രണ്ടു മണിക്കൂറിലും താഴെയായി കുറയും


ജിദ്ദ - ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ ജിദ്ദ സുലൈമാനിയ ഡിസ്ട്രിക്ടിലെ പ്രധാന റെയില്‍വെ സ്റ്റേഷനില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഇസ്‌ലാമിക ലോകത്തിന് സമര്‍പ്പിച്ചു.
കോടിക്കണക്കിന് വരുന്ന ഹജ്, ഉംറ തീര്‍ഥാടകരും സന്ദര്‍ശകരും സ്വദേശികളും വിദേശികളും അടക്കമുള്ളവര്‍ക്ക് മക്ക, മദീന, റാബിഗ്, ജിദ്ദ നഗരങ്ങള്‍ക്കിടയില്‍ കുറഞ്ഞ നിരക്കില്‍ ലക്ഷ്വറി യാത്രാ സൗകര്യം ഒരുക്കുന്നതാണ് ആയിരക്കണക്കിന് കോടി റിയാല്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ഈ പദ്ധതി.
സുലൈമാനിയ റെയില്‍വെ സ്റ്റേഷനിലെത്തിയ രാജാവിനെ സല്‍മാന്‍ രാജാവിനെ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരനും മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരനും ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ആമൂദിയും ചേര്‍ന്ന് സ്വീകരിച്ചു. യാത്രക്കാര്‍ക്ക് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ നല്‍കുന്ന സേവനങ്ങള്‍ രാജാവ് വിലയിരുത്തി. പദ്ധതിയെ കുറിച്ച ഡോക്യുമെന്ററിയും രാജാവ് വീക്ഷിച്ചു.
ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ കാലവുമായി മത്സരിക്കുന്നതിനും കഠിനാധ്വാനം നടത്തുന്നതിനും സല്‍മാന്‍ രാജാവ് വരച്ചുകാണിച്ച സമഗ്ര പ്രവര്‍ത്തന പദ്ധതി പ്രചോദനമായതായി ചടങ്ങില്‍ സംസാരിച്ച ഗതാഗത മന്ത്രി പറഞ്ഞു. വിഷന്‍ 2030 പദ്ധതി പ്രകാരം തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് സര്‍വശേഷിയും പ്രയോജനപ്പെടുത്താന്‍ രാജാവ് നിര്‍ദേശിച്ചു. മക്കക്കും മദീനക്കുമിടയില്‍ തീര്‍ഥാടകരുടെ യാത്ര സുഖകരവും എളുപ്പവുമാക്കുന്നതിനും തീര്‍ഥാടകര്‍ക്ക് ആവശ്യമായ മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നിരവധി വന്‍കിട പദ്ധതികള്‍ അടുത്ത കാലത്ത് നടപ്പാക്കി. ലോകത്ത് ദൃശ്യമായതില്‍ വെച്ചേറ്റവും മികച്ച സാങ്കേതികവിദ്യയിലാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളിത്തം വഹിച്ച മികച്ച എന്‍ജിനീയര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം രാജാവ് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനു ശേഷം ട്രെയിനില്‍ രാജാവ് മദീനയിലേക്ക് തിരിച്ചു. 'അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു, അല്ലാഹുവിനോട് സഫലത തേടുകയും ചെയ്യുന്നു' എന്ന് പറഞ്ഞ് ട്രെയിനിലേക്ക് പ്രവേശിച്ചു കൊണ്ട് രാജാവ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. സര്‍വ മേഖലകളിലും സൗദി അറേബ്യ വളര്‍ച്ചയും അഭിവൃദ്ധിയും കൈവരിച്ചുവരികയാണ്. അല്ലാഹു കനിഞ്ഞുനല്‍കിയ അനുഗ്രഹങ്ങള്‍ക്ക് അവനോട് നന്ദി കാണിക്കുന്നതിന് അല്ലാഹു സൗഭാഗ്യം നല്‍കട്ടെയെന്നും രാജാവ് പറഞ്ഞു.
സഹമന്ത്രി മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍, അല്‍ബാഹ ഗവര്‍ണര്‍ ഹുസാം ബിന്‍ സൗദ് രാജകുമാരന്‍, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് രാജകുമാരന്‍ എന്നിവര്‍ അടക്കം നിരവധി മന്ത്രിമാരും രാജകുരമാരന്മാരും ഗവര്‍ണര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഒക്‌ടോബര്‍ നാലു മുതല്‍ ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസുകള്‍ക്ക് തുടക്കമാകും.  
പ്രതിദിനം 1,60,000 ലേറെ പേര്‍ക്ക് വീതം പ്രതിവര്‍ഷം ആറു കോടി പേര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകല്‍പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്. 450 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ മണിക്കൂറില്‍ 300 ലേറെ കിലോമീറ്റര്‍ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. 35 മുപ്പത്തിയഞ്ച് ട്രെയിനുകള്‍ പദ്ധതിയില്‍ സര്‍വീസിന് ഉപയോഗിക്കും.

 

Latest News