Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രാഈല്‍ പോലീസിന് കണ്ണൂരുമായി 'നൂലിഴ'ബന്ധം

കണ്ണൂര്‍- ഇസ്രാഈല്‍ പോലീസ് സേനയിലെ ഉന്നത ഓഫീസര്‍മാര്‍ ഇടയ്ക്കിടെ കണ്ണൂരില്‍ വന്നു പോകുന്നതിന് എന്തിനാണ്? മൂന്നു വര്‍ഷത്തോളമായി ഇസ്രാഈല്‍ കണ്ണൂരുമായി നിരന്തം ബന്ധപുലര്‍ത്തിപ്പോരുന്നു. സംഘര്‍ഷങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന രണ്ടു നാടുകള്‍ തമ്മിലുള്ള ഈ നൂലിഴബന്ധത്തിനു പിന്നില്‍ ഇസ്രാഈല്‍ പോലീസ് അണിയുന്ന യൂണിഫോമിന്റെ ഭാഗമായ എടുപ്പുള്ള ഇളം നീല ഷര്‍ട്ടാണ്. കണ്ണൂരില്‍ നിന്നാണ് ഇവ തയ്ക്കുന്നത്. മരിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് യൂണിഫോം ഷര്‍ട്ടു തയ്ക്കാന്‍ ഇസ്രാഈല്‍ പോലീസ് കരാര്‍ നല്‍കിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള കുപ്പായങ്ങള്‍ ഇവിടെ നിന്നും തയ്ച്ച് ഇസ്രാഈലിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. വെറും ഡബ്ള്‍ പോക്കറ്റ് ഷര്‍ട്ട് തയ്ക്കല്‍ മാത്രമല്ല, അവരുടെ ഔദ്യോഗിക മുദ്രകള്‍ രൂപകല്‍പ്പന ചെയ്യുന്നതും ഷര്‍ട്ടില്‍ പതിപ്പിക്കുന്നതും എല്ലാം കണ്ണൂരില്‍ നിന്നാണ് ചെയ്യുന്നത്. വര്‍ഷം ഒരു ലക്ഷത്തോളം ഷര്‍ട്ടുകള്‍ ഇവര്‍ ഇസ്രാഈല്‍ പോലീസ് സേനയ്ക്കായി കയറ്റുമതി ചെയ്യുന്നു.

തൊടുപുഴ സ്വദേശിയായ വ്യവസായി തോമസ് ഒളിക്കലാണ് കമ്പനി ഉടമ. മറ്റു രാജ്യങ്ങളിലെ സേനകള്‍ക്കും യുണിഫോം തയ്ച്ചു നല്‍കാന്‍ തയാറെടുക്കുകയാണ് ഇവര്‍. കുവൈത്ത് നാഷണല്‍ ഗാര്‍ഡിന്റേയും അഗ്നിശമന സേനയുടേയും യൂണിഫോം തയ്ക്കാനുള്ള കരാറുകള്‍ ഈ കമ്പനി നേടിയിട്ടുണ്ട്. ഫിലിപ്പീന്‍സ് സൈന്യത്തിനുള്ള യൂണിഫോം കരാര്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. വിജയിച്ചാല്‍ ഫിലിപ്പീന്‍സ് സേനയുടം യുണിഫോമും കണ്ണൂരില്‍ നിന്നാകും. 

പുരുഷ, വനിതാ യുണീഫോമുകള്‍ ഇസ്രാഈല്‍ പോലീസിനു വേണ്ടി നിര്‍മ്മിക്കുന്നുണ്ടെന്ന് കമ്പനി അഡ്മിന്‍ മാനേജരായ സിജിന്‍ കുമാര്‍ പറയുന്നു. നേരത്തെ ട്രൗസറുകളും നല്‍കിയിരുന്നു. എന്നാല്‍ ഈ കരാര്‍ ഒരു ചൈനീസ് കമ്പനി ഈയിടെ സ്വന്തമാക്കി. ഇതു തരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ നിര്‍മ്മിക്കുന്ന യുണിഫോമിന്റെ ഗുണനിലവാരത്തില്‍ ഇസ്രാഈല്‍ പോലീസ് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നു സിജിന്‍ പറയുന്നു. ഗുണനിലവാര പരിശോധനയ്ക്കും നിര്‍മ്മാണ നിരീക്ഷണത്തിനുമായി ഉന്നത ഓഫീസര്‍മാര്‍ ഇസ്രാഈലിലില്‍ നിന്ന് ഇടയ്ക്കിടെ ഇവിടെ വന്നു പോകാറുണ്ട്. ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലും തുന്നലും എംബ്രോയ്ഡറി അടക്കം എല്ലാം സൂക്ഷ്മമായി പരിശോധിക്കും. യുഎസില്‍ നിന്നാണ് തുണി ഇറക്കുമതി ചെയ്യുന്നത്. കമ്പനിയുടെ മുംബൈയിലെ സ്വന്തം മില്ലില്‍ നിര്‍മ്മിച്ച തുണിയും ഉപയോഗിക്കും. വര്‍ഷത്തില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിച്ച് കയറ്റി അയച്ചു വരുന്നതായി ഫാക്ടറി മാനേജര്‍ ഷനീഷ് ടി.വി പറയുന്നു. 

2006ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി വിവിധ സേനകളുടെയും ആരോഗ്യ രംഗത്തുള്ളവരുടേയും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമുള്ള യൂണിഫോം നിര്‍മാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ യുണിഫോമും ചെയ്യുന്നുണ്ട്. 2008ലാണ് നിര്‍മ്മാണ യൂണിറ്റ് കണ്ണൂരിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇപ്പോള്‍ 850 ജീവനക്കാരുണ്ട്. ഭൂരിപക്ഷവും സ്ത്രീകളാണ്. പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ വൈദഗ്ധ്യമുള്ള ജോലിക്കാരെ വേണ്ടത്ര ലഭിക്കാത്തതാണ് വെല്ലുവിളിയെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. 

Latest News