Sorry, you need to enable JavaScript to visit this website.

ഹറമൈന്‍ ട്രെയ്‌നില്‍ യാത്രയ്‌ക്കൊരുങ്ങാം; ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

ജിദ്ദ - മക്കയിലെയും മദീനയിലെയും ഹറമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതി ഇന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിക്കാനിരിക്കെ ടിക്കറ്റ് നിരക്കുകൾ ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി ചെയർമാൻ ആയ സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ ഡയറക്ടർ ബോർഡ് അംഗീകരിച്ചു. ഹറമൈൻ ട്രെയിൻ പദ്ധതി പ്രവർത്തിപ്പിക്കുന്ന സ്പാനിഷ് കൺസോർഷ്യമായ അൽശുഅ്‌ല കൺസോർഷ്യവുമായി ധാരണയിലെത്തിയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് ഇക്കോണമി ക്ലാസിൽ 40 റിയാലും ബിസിനസ് ക്ലാസിൽ 50 റിയാലും മക്കയിൽ നിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസിൽ 150 റിയാലും ബിസിനസ് ക്ലാസിൽ 250 റിയാലുമാണ് ടിക്കറ്റ് നിരക്ക്. 
യാത്രക്കാരെ ആകർഷിക്കുന്നതിന് രണ്ടു മാസക്കാലം പ്രൊമോഷൻ നിരക്കായിരിക്കും ബാധകം. രണ്ടു മാസക്കാലം പകുതി നിരക്കിൽ ടിക്കറ്റുകൾ നൽകും. ഇതനുസരിച്ച് ഇക്കോണമി ക്ലാസിൽ മക്കയിൽ നിന്ന് ജിദ്ദയിലേക്ക് 20 റിയാലും റാബിഗിലേക്ക് 40 റിയാലും മദീനയിലേക്ക് 75 റിയാലും ജിദ്ദയിൽ നിന്ന് റാബിഗിലേക്ക് 23 റിയാലും മദീനയിലേക്ക് 63 റിയാലും റാബിഗിൽ നിന്ന് മദീനയിലേക്ക് 50 റിയാലും ആണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിൽ മക്കയിൽ നിന്ന് ജിദ്ദയിലേക്ക് 25 റിയാലും റാബിഗിലേക്ക് 55 റിയാലും മദീനയിലേക്ക് 125 റിയാലും ജിദ്ദയിൽ നിന്ന് റാബിഗിലേക്ക് 33 റിയാലും മദീനയിലേക്ക് 105 റിയാലും റാബിഗിൽ നിന്ന് മദീനയിലേക്ക് 75 റിയാലും ആണ് നിരക്ക്. 
ഒക്‌ടോബർ നാലു മുതൽ ഡിസംബർ അവസാനം വരെയുള്ള കാലത്ത് വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമായി ഒരു ദിശയിൽ പ്രതിദിനം നാലു വീതം ഇരു ദിശകളിലും എട്ടു സർവീസുകൾ വീതമാണുണ്ടാവുക. അടുത്ത വർഷാദ്യം മുതൽ ആഴ്ചയിൽ ഏഴു ദിവസവും സർവീസുകളുണ്ടാകും. ഇതോടൊപ്പം പ്രതിദിന സർവീസുകളുടെ എണ്ണം 12 ആയി ഉയർത്തുകയും ചെയ്യും. യാത്രക്കാരിൽ നിന്നുള്ള ആവശ്യം വർധിക്കുന്നതിന് അനുസൃതമായി പിന്നീട് സർവീസുകളുടെ എണ്ണം ഉയർത്തും. തുടക്കത്തിൽ മക്ക, ജിദ്ദ സുലൈമാനിയ, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന സ്റ്റേഷനുകൾക്കിടയിലാണ് സർവീസുകളുണ്ടാവുക. പുതിയ ജിദ്ദ എയർപോർട്ടിലെ റെയിൽവെ സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്ന മുറക്ക് ഈ സ്റ്റേഷനിലും സർവീസുകളുണ്ടാകും.
ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് അവസരമുണ്ടാകും. സ്മാർട്ട് ഫോണുകൾ വഴി ടിക്കറ്റുകൾ വാങ്ങുന്നതിന് യാത്രക്കാരെ സഹായിക്കുന്ന ആപ്പും പുറത്തിറക്കും. യാത്രക്കാരുടെ സേവനത്തിന് വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട നിരവധി വ്യാപാര സ്ഥാപനങ്ങൾ റെയിൽവെ സ്റ്റേഷനുകളിലുണ്ടാകും. മുഴുവൻ സ്റ്റേഷനുകളിലും ഹെലിപാഡുകളും കാർ പാർക്കിംഗുകളും സിവിൽ ഡിഫൻസ് കേന്ദ്രങ്ങളും മസ്ജിദുകളും ബിസിനസ് ക്ലാസ് യാത്രക്കാർക്കുള്ള ലോഞ്ചുകളും ബസ്, ടാക്‌സി സ്റ്റേഷനുകളുമുണ്ടാകുമെന്ന് ഹറമൈൻ ട്രെയിൻ പദ്ധതി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് ഫിദാ പറഞ്ഞു. 
ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീർഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഹറമൈൻ ട്രെയിൻ പദ്ധതി യാഥാർഥ്യമാകുന്നത്. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം അര കോടിയായും ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം (1439) 70 ലക്ഷത്തോളം ഉംറ തീർഥാടകരും 18 ലക്ഷം ഹജ് തീർഥാടകരുമാണ് വിദേശങ്ങളിൽ നിന്ന് എത്തിയത്. മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലെ തിരക്കും വാഹനങ്ങളുടെ പുക മൂലമുള്ള പരിസ്ഥിതി മലിനീകരണവും വലിയ ഒരു അളവോളം കുറക്കുന്നതിന് ഹറമൈൻ ട്രെയിൻ പദ്ധതി സഹായിക്കും.
 

Latest News