കാസർകോട്- സ്വത്ത് തർക്കത്തെ തുടർന്ന് യുവതിയെ പിതൃസഹോദരൻ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ബേഡകം കൈരളിപ്പാറയിലെ കരുട്ടിപ്പാറയിൽ നാരായണൻ-അനിത ദമ്പതികളുടെ ഏക മകൾ കെ.ആതിര(22)ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. നാരായണന്റെ അനുജൻ ലോഹിതാക്ഷനാണ് ആതിരയെ ആക്രമിച്ചത്. സംഭവസമയത്ത് ആതിരയും അമ്മ നാരായണിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലോഹിതാക്ഷൻ വീട്ടിൽ അതിക്രമിച്ചു കയറി സ്വത്തിന്റെ പേരിൽ ആതിരയോടും നാരായണിയോടും കലഹിച്ചു. ഇതിനിടയിൽ പ്രകോപിതനായ ലോഹിതാക്ഷൻ വെട്ടുകത്തി കൊണ്ട് ആതിരയെ വെട്ടുകയാണുണ്ടായത്. തടയാൻ ശ്രമിച്ച നാരായണിയും അക്രമത്തിനിരയായി. നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തിയതോടെ ലോഹിതാക്ഷൻ സ്ഥലം വിടുകയായിരുന്നു. ഇരു കൈകൾക്കും നെഞ്ചിനും വെട്ടേറ്റ ആതിരയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽ സിവിൽ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ആതിര ബേഡകത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്. ലോഹിതാക്ഷൻ ഒളിവിലാണ്. ആതിരയുടെ മൊഴിയെടുത്ത ബേഡകം പോലീസ് കേസെടുത്തു.