Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗഹൃദ കൂട്ടായ്മയിൽ സംസ്ഥാനത്ത്  പൂർത്തീകരിച്ച ആദ്യ വീട് രമയ്ക്ക് സ്വന്തം

രമക്കു നിർമിച്ചു നൽകിയ വീട്.

കൊച്ചി- പ്രളയത്തിൽ ഒറ്റപ്പെട്ട് ആരും തുണയില്ലാതെ വിഷമത്തിലായ വീട്ടമ്മക്ക് സൗഹൃദ കൂട്ടായ്മ കൈത്താങ്ങായി. ഭർത്താവിന്റെ മരണശേഷം ഏകയായി ഷീറ്റ് വലിച്ചുകെട്ടിയ ഷെഡിൽ അന്തിയുറങ്ങുകയായിരുന്ന വടക്കുംപുറം തൈക്കൂട്ടത്തിൽ ശ്രീനിവാസന്റെ ഭാര്യ രമ(63)യുടെ ഷെഡ് പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി എത്തിയ യുവാക്കൾക്ക് രമയുടെ ദുരവസ്ഥ മനസ്സിലായി. വെയിലും മഴയുമേൽക്കാതെ കയറിക്കിടക്കാൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരുമോയെന്ന രമയുടെ ചോദ്യം യുവാക്കളുടെ മനസ്സിൽ തറച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
വീട്ടമ്മക്ക് ഒരു വീട് ഒരുക്കാൻ മാത്രം രൂപം കൊണ്ട നിശ്ചയദാർഢ്യത്തിൽ ഉടലെടുത്ത സൗഹൃദ കൂട്ടായ്മ 16 ദിവസം കൊണ്ട് പുതിയൊരു വീട് നിർമിച്ച് ഗൃഹപ്രവേശനം നടത്തി മാതൃകയായിരിക്കുകയാണ്. കലാകാരന്മാരും സാധാരണക്കാരുമായ യുവാക്കളുടെ വാട്ട്‌സ് ആപ് ,ഫെയ്‌സ് ബുക് ഗ്രൂപ്പുകളാണ് രണ്ടര ലക്ഷത്തോളം രൂപ സമാഹരിച്ച് വീട്ടമ്മക്ക് വീട് നിർമിച്ച് നൽകിയത്. പരസ്പരം കണ്ടു പരിചയം പോലുമില്ലാത്തവർ വീടു നിർമാണത്തിൽ കൈകോർത്തു. രണ്ടാഴ്ച കൊണ്ട് രണ്ടര ലക്ഷത്തോളം രൂപ സമാഹരിച്ചു. ഒരു മുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവയുള്ള 300 ചതുരശ്ര അടി വീടാണ് നിർമിച്ചത്. വീടിനകത്ത് ടൈൽ പാകിയിട്ടുണ്ട്. മേൽക്കൂര ഷീറ്റ് വിരിച്ച് സിലിംഗ് ചെയ്തു. ഹോം ചലഞ്ച് എന്ന ഗ്രൂപ്പാണ് പിന്നിൽ പ്രവർത്തിച്ചത്. വീട് പൂർണമായും നിർമിച്ച ശേഷമായിരുന്നു ഗൃഹപ്രവേശന വിവരം പുറത്തുവിട്ടത്. ഞായറാഴ്ച രാവിലെ 10.10 ന് നടന്ന ഗൃഹപ്രവേശനത്തിലേക്ക് ആരേയും ക്ഷണിച്ചിരുന്നില്ല. എന്നാൽ എംഎൽഎയും ജനപ്രതിനിധികളും കലാകാരന്മാരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ ചടങ്ങിൽ പങ്കെടുത്ത് സന്തോഷം പങ്കുവെച്ചു.

ഇതിന് മുമ്പ് കണ്ടിട്ടു പോലുമില്ലാത്തവരുടെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി രമ ഗൃഹപ്രവേശനം നടത്തി.തുടർന്ന് പാൽ കാച്ചൽ നടത്തി ചടങ്ങ് പൂർത്തിയാക്കി. സന്തോഷ സൂചകമായി പായസവിതരണവും ഉണ്ടായിരുന്നു. കൂട്ടായ്മ സ്വരൂപിച്ച തുകയിൽ ബാക്കി വന്ന പതിനായിരം രൂപ  ഹോം ചലഞ്ചിന്റെ രണ്ടാം വീട് നിർമാണത്തിനായി രമ കൈമാറി. പുതിയകാവ് സ്വദേശിനി രമക്കാണ് അടുത്ത വീട് നിർമിച്ചു നൽകുന്നതെന്ന് പേര് വെളിപ്പെടുത്താൻ പോലും ആഗ്രഹിക്കാത്ത കൂട്ടായ്മക്കാർ പറഞ്ഞു.

 

 

Latest News