Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയിൽ പതിനഞ്ച് ലക്ഷം  ബാരൽ അധിക ഉൽപാദന ശേഷി-മന്ത്രി

അൾജിയേഴ്‌സിൽ ചേർന്ന എണ്ണയുൽപാദക രാജ്യങ്ങളുടെ യോഗത്തിൽ സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് മാധ്യമങ്ങളോട് സംസാരിക്കുന്നു.

റിയാദ്- സൗദി അറേബ്യയുടെ പ്രതിദിന എണ്ണ ഉൽപാദന ശേഷിയിൽ പതിനഞ്ചു ലക്ഷം ബാരലിന്റെ അധിക ശേഷിയുള്ളതായി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തി. അൾജിയേഴ്‌സിൽ ഒപെക് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷവും അടുത്ത വർഷവും എണ്ണയാവശ്യം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ പക്കലുള്ള അധിക ഉൽപാദന ശേഷി ദിവസങ്ങൾക്കുള്ളിൽ പ്രയോജനപ്പെടുത്തുന്നതിന് സൗദി അറേബ്യക്ക് സാധിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭദ്രത ഉറപ്പു വരുത്തുന്നതിന് അനിവാര്യമായ എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കും. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയിലുണ്ടായ കുറവ് നികത്തുന്നതിന് മൂന്നു മാസത്തിനിടെ ഉൽപാദക രാജ്യങ്ങൾ കൂടുതൽ എണ്ണ വിപണിയിലെത്തിച്ചിട്ടുണ്ട്. 
ഉൽപാദനം ഉയർത്തുന്നതിന് അനുയോജ്യമായ സമയത്ത് ഒപെക് നീക്കങ്ങൾ നടത്തും. ആഗോള വിപണിയിലെ എണ്ണ ലഭ്യതയും ആവശ്യവും ഉൽപാദക രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കിൽ ഉൽപാദനം ഉയർത്തും. ഉപഭോക്തൃ രാജ്യങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യം ഇല്ലാതാക്കുന്ന നടപടികളെ പിന്തുണക്കുന്നു. ആഗോള എണ്ണ വിപണിയിൽ ക്ഷാമം പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുകയും ആവശ്യമായ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യും. 
വിപണിയിൽ ക്ഷാമം പ്രത്യക്ഷപ്പെട്ടാൽ ഒപെക് രാജ്യങ്ങളുടെ ഭാഗത്തുള്ള അധിക ഉൽപാദന ശേഷി പ്രയോജനപ്പെടുത്തി കുറവ് നികത്തുന്നതിന് സത്വര നടപടികൾ സ്വീകരിക്കും. അടുത്ത വർഷത്തെ ഉൽപാദന നിലവാരം ഇപ്പോൾ കണക്കാക്കുന്നതിന് കഴിയില്ല. ആഗോള വിപണിയിൽ അപ്രതീക്ഷിതമായി ആവശ്യം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്താൽ മാത്രമേ ഉൽപാദനം വർധിപ്പിക്കുകയുള്ളൂ. എണ്ണ വിലയിടിച്ചിൽ തടയുന്നതിന് ശ്രമിച്ച് ഉൽപാദനം കുറക്കുന്നതിന് നേരത്തെ കരാർ ഒപ്പുവെച്ച ഉൽപാദക രാജ്യങ്ങൾ സഹകരണം തുടരണം. ഉൽപാദക രാജ്യങ്ങൾക്കിടയിലെ ചേരിതിരിവ് എണ്ണ വില ഭദ്രതയുടെ അന്ത്യത്തിലേക്ക് നയിക്കും. 
ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള ഉൽപാദക രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഒപെക് രാജ്യങ്ങളും മറ്റു ഉൽപാദകരും തമ്മിലുള്ള സഹകരണം എണ്ണ വിപണിയുടെ ഭദ്രതക്ക് സഹായകമായി എന്ന കാര്യത്തിൽ സംശയമില്ല. ഉൽപാദക രാജ്യങ്ങൾക്കും ഉപഭോക്തൃ രാജ്യങ്ങൾക്കുമിടയിൽ പരസ്പര വിശ്വാസമുണ്ടാക്കുന്നതിനും ഇത് സഹായിച്ചു. 
ഉൽപാദനം കുറക്കുന്നതിന് ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള ഉൽപാദക രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ നിരീക്ഷിക്കുന്നതിനുള്ള സംയുക്ത മന്ത്രിതല സമിതിയുടെ പത്താമത് യോഗം, കഴിഞ്ഞ ജൂണിൽ ഓസ്ട്രിയയിലെ വിയന്നയിൽ ചേർന്ന ചേർന്ന ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ യോഗത്തിൽ എത്തിച്ചേർന്ന ധാരണ അതേപടി നിലനിർത്തുന്നതിന് തീരുമാനിച്ചു. 
ഉൽപാദനം കുറക്കുന്നതിനുള്ള തീരുമാന പ്രകാരമുള്ള ക്വാട്ട കരാറിൽ ഒപ്പുവെച്ച എല്ലാ രാജ്യങ്ങളും നൂറു ശതമാനവും പാലിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിനാണ് ലക്ഷ്യമിടുന്നത്. ജൂലൈയിൽ ഈ ലക്ഷ്യത്തിലെത്തി. എന്നാൽ കസാക്കിസ്ഥാനിൽ എണ്ണ വ്യവസായ കേന്ദ്രങ്ങളിലെ അറ്റകുറ്റപ്പണി മൂലം ഓഗസ്റ്റിൽ ലക്ഷ്യത്തിൽ നിന്ന് പിന്നോക്കം പോയി. നിലവിൽ ആഗോള എണ്ണ വിപണി ഭദ്രമാണ്. ആവശ്യവും ലഭ്യതയും ഏറെക്കുറെ സമമാണ്. വിപണിയിൽ ഭദ്രതയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ഈ വർഷാവസാനം വരെ തുടരുമെന്നും സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.

 

Latest News