Sorry, you need to enable JavaScript to visit this website.

എസ്.പി.ജിയിലും ആർ.എസ്.എസ്  പിടിമുറുക്കുന്നെന്ന് രാഹുൽ

  • അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂദൽഹി- വി.വി.ഐ.പികൾക്ക് സുരക്ഷയൊരുക്കുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ പോലും ആർ.എസ്.എസ് പിടിമുറുക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എസ്.പി.ജി കമാണ്ടോകളായി ആർ.എസ്.എസ് നൽകിയ ലിസ്റ്റ് അംഗീകരിക്കാത്തതിന്റെ പേരിൽ തനിക്ക് പദവി നഷ്ടപ്പെട്ടതായി ഒരു മുൻ എസ്.പി.ജി തലവൻ തന്നോട് പറഞ്ഞതായി രാഹുൽ ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാനരഹിതവും, നിർഭാഗ്യകരവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. 
ന്യൂദൽഹിയിൽ കഴിഞ്ഞ ദിവസം അക്കാദമീഷ്യന്മാരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്യവേയാണ് രാഹുൽ ആരോപണമുന്നയിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സുപ്രീം കോടതിയിലും, തെരഞ്ഞെടുപ്പ് കമ്മീഷനിലുമെല്ലാം വളരെ ആസൂത്രിതമായി ആർ.എസ്.എസ് പിടിമുറുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതിന് ഉദാഹരണമായാണ് എസ്.പി.ജി മേധാവിയുടെ കാര്യം രാഹുൽ പറഞ്ഞത്.
മോഡി അധികാരത്തിലെത്തിയപ്പോൾ ഗുജറാത്തിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ എസ്.പി.ജിയുടെ തലപ്പത്ത് നിയമിച്ചു. അധികം വൈകാതെ അദ്ദേഹം പുറത്താവുകയും ചെയ്തു. എസ്.പി.ജി ഓഫീസർമാരായി ആർ.എസ്.എസ് നൽകിയ ലിസ്റ്റ് അംഗീകരിക്കാത്തതിനാലാണ് തനിക്ക് വീട്ടിൽ പോകേണ്ടി വന്നതെന്ന് അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞു -രാഹുൽ വെളിപ്പെടുത്തി.
2014 ഡിസംബർ മുതൽ 2016 മാർച്ച് വരെ എസ്.പി.ജി ഡയറക്ടറായിരുന്ന ഗുജറാത്ത് കേഡർ ഐ.പി.എസ് ഓഫീസർ വിവേക് ശ്രീവാസ്തയവയാണ് രാഹുൽ പരാമർശിച്ച ഉദ്യോഗസ്ഥൻ. 2016 ഒക്‌ടോബർ വരെ കാലാവധി ഉണ്ടായിരിക്കേയാണ് അദ്ദേഹം സ്ഥാനത്തു നിന്ന് തെറിക്കുന്നത്. ഇതിനു പക്ഷെ ആഭ്യന്തര മന്ത്രാലയം വ്യക്തമായ വിശദീകരണം നൽകിയിരുന്നില്ല. എന്നാൽ അദ്ദേഹം ജൂനിയർ ഉദ്യോഗസ്ഥനാതു കൊണ്ടാണ് മാറ്റിയതെന്നായിരുന്നു മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർ പറഞ്ഞത്. 
എന്നാൽ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും എസ്.പി.ജി സംരക്ഷണം കിട്ടുന്ന ഒരാളിൽ നിന്ന് ഉണ്ടായത് നിർഭാഗ്യകരവുമാണെന്ന് മന്ത്രാലയം പറഞ്ഞു. എസ്.പി.ജി തീർത്തും പ്രൊഫഷണലായി പ്രവർത്തിക്കുന്ന സംവിധാനമാണ്. സംരക്ഷണം നൽകുന്ന ആളുമായി എസ്.പി.ജി ഉദ്യോഗസ്ഥൻ സംസാരിച്ചെങ്കിൽ തന്നെ നിയമവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

Latest News