ഭോപാൽ- മധ്യപ്രദേശിൽ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ പത്മ ശുക്ല പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. 1980 മുതൽ ബി.ജെ.പി അംഗമായ പത്മ ശുക്ല നിലവിൽ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് അധ്യക്ഷയുമാണ്. ഈ പദവിയും അവർ രാജിവെച്ചിട്ടുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചാരണ റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി മധ്യപ്രദേശിലെത്താനിരിക്കെയാണ് സീനിയർ നേതാവ് പാർട്ടി വിടുന്നത്. വിജയ്‌രാഘവ് ഗഢ് അസംബ്ലി മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരെ അവഗണിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാകേഷ് സിംഗിനയച്ച കത്തിൽ പത്മ ശുക്ല പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിയായ സഞ്ജയ് പഥക് പ്രവർത്തകരെ അപമാനിക്കുന്നത് അസഹനീയമാണെന്നും, ഇത് തന്റെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അവർ വ്യക്തമാക്കി.