- രാജ്യത്തെ നൂറാമത്തെ വിമാനത്താവളം
ഗാങ്‌ടോക് - സ്വന്തമായ വിമാനത്താവളമെന്ന സിക്കിമിന്റെ സ്വപ്‌നം സഫലം. സംസ്ഥാനത്തെ ആദ്യ വിമാനത്താവളം പക്യോംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ് പക്യോംഗ്. സിക്കിമിലെ ഗ്രീൻഫീൽഡ് വിമാനത്താവളം രാജ്യത്തെ നൂറാമത്തേതാണ്. മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് 2009 ലാണ് വിമാനത്താവളത്തിന്റെ നിർമാണം ആരംഭിച്ചത്.
തന്റെ സർക്കാർ നടപ്പാക്കുന്ന വികസന കുതിപ്പിന് തെളിവാണ് സിക്കിമിലെ വിമാനത്താവളമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയ ശേഷം 2014 വരെ രാജ്യത്ത് 65 വിമാനത്താവളങ്ങളാണ് നിർമിച്ചത്. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ 35 എണ്ണം നിർമിച്ചു. 2014 വരെ വർഷം ഒന്നുവെച്ചായിരുന്നെങ്കിൽ, അതിനുശേഷം വർഷം ഒമ്പതെണ്ണമായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് 400 യാത്രാ വിമാനങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ വിവിധ വിമാന കമ്പനികൾ ഓർഡർ ചെയ്തിരിക്കുന്നത് ആയിരം വിമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സിക്കിമിന്റെ ടൂറിസം വളർച്ചക്ക് വലിയ മുതൽകൂട്ടാവും ഈ വിമാനത്താവളം. തുടക്കത്തിൽ സിക്കിമിൽ നിന്ന് കൊൽക്കത്തയിലേക്കും ഗുവാഹതിയിലേക്കുമാണ് വിമാനങ്ങൾ പറക്കുക. താമസിയാതെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചടങ്ങിൽ സംബന്ധിച്ചു.