Sorry, you need to enable JavaScript to visit this website.

ഹറമൈൻ ട്രെയിൻ പദ്ധതി ഉദ്ഘാടനം ചൊവ്വാഴ്ച്ച

ജിദ്ദ - ലോക മുസ്‌ലിംകൾക്കുള്ള സൗദി അറേബ്യയുടെ ഏറ്റവും പുതിയ സമ്മാനമായ ഹറമൈൻ ട്രെയിൻ (ഹറമൈൻ ഹൈസ്പീഡ് റെയിൽവെ) പദ്ധതി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നാളെ (ചൊവ്വ) ഉദ്ഘാടനം ചെയ്യും. രാജകുമാരന്മാരും മന്ത്രിമാരും വിദേശ നേതാക്കളും പദ്ധതി നടപ്പാക്കിയ കമ്പനികളുടെ പ്രതിനിധികളും വൻകിട നിക്ഷേപകരും മറ്റും സംബന്ധിക്കും. ഹജ്, ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളാണ് ഹറമൈൻ ട്രെയിൻ പദ്ധതി ഉദ്ഘാടനം പ്രതിഫലിപ്പിക്കുന്നതെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു. ഹജ്, ഉംറ തീർഥാടകരുടെ എണ്ണം പലമടങ്ങ് വർധിപ്പിക്കുന്നതിനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനനുസൃതമായി തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും എപ്പോഴും നിർദേശിക്കുന്നത്. രാജാവിന്റെയും കിരീടാവകാശിയുടെയും നിർലോഭ പിന്തുണകളാണ് എല്ലാവിധ പ്രതിബന്ധങ്ങളും തരണം ചെയ്ത് പദ്ധതി യാഥാർഥ്യമാക്കാൻ സഹായിച്ചത്. ഒക്‌ടോബർ നാലു മുതൽ ഹറമൈൻ ട്രെയിൻ പദ്ധതിയിൽ പൊതുജനങ്ങൾക്കുള്ള സർവീസുകൾക്ക് തുടക്കമാകുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. 
മൂന്നു ഘട്ടങ്ങളായാണ് ഈ ബൃഹത് പദ്ധതി യാഥാർഥ്യമാക്കിയതെന്ന് സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ ആക്ടിംഗ് പ്രസിഡന്റും പൊതുഗതാഗത അതോറിറ്റി പ്രസിഡന്റുമായ ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. ഹറമൈൻ ട്രെയിൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സിവിൽ ജോലികളാണ് പൂർത്തിയാക്കിയത്. ഈ ഘട്ടത്തിൽ 138 പാലങ്ങളും 850 ഓവുപാലങ്ങളും നിർമിച്ചു. റെയിൽപാത നിർമിക്കുന്നതിന് 15 കോടി ക്യുബിക് മീറ്റർ പാറയും മണലും നീക്കം ചെയ്തു. രണ്ടാം ഘട്ടത്തിൽ മക്കയിലും മദീനയിലും ജിദ്ദയിലും റാബിഗിലും നാലു റെയിൽവെ സ്റ്റേഷനുകൾ നിർമിച്ചു. അഞ്ചാമത്തെ റെയിൽവെ സ്റ്റേഷൻ പുതിയ ജിദ്ദ എയർപോർട്ട് നിർമാണത്തിന്റെ ഭാഗമായാണ് നിർമിക്കുന്നത്. മൂന്നാം ഘട്ടത്തിൽ റെയിൽപാളങ്ങൾ സ്ഥാപിക്കുന്നതിന്റെയും സിഗ്നൽ, കൺട്രോൾ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് സ്ഥാപിക്കുന്നതിന്റെയും ട്രെയിനുകൾ നിർമിക്കുന്നതിന്റെയും അറ്റകുറ്റപ്പണികൾ നടത്തി പദ്ധതി പന്ത്രണ്ടു വർഷത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന്റെയും കരാറുകൾ ഉൾപ്പെട്ടു. 
പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് ആറു വൈദ്യുതി നിലയങ്ങൾ നിർമിച്ചു. പ്രതിദിനം 1,60,000 ലേറെ പേർക്ക് വീതം പ്രതിവർഷം ആറു കോടി പേർക്ക് യാത്രാസൗകര്യം നൽകുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്. മുപ്പത്തിയഞ്ച് ട്രെയിനുകൾ പദ്ധതിയിൽ സർവീസിന് ഉപയോഗിക്കും. ഓരോ ട്രെയിനിലും 417 സീറ്റുകൾ വീതമാണുള്ളതെന്നും ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ടു ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയതാണ് ട്രെയിനുകൾ. ബില്യൺ കണക്കിന് റിയാൽ ചെലവഴിച്ച് നടപ്പാക്കിയ മറ്റേതാനും പദ്ധതികളും രാജാവ് പ്രവാചക നഗരിയിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.

Latest News