വിപണിയിലെ ശക്തമായ സാങ്കേതിക തിരുത്തൽ ഓഹരി നിക്ഷേപകരെ ഞെട്ടിച്ചു. ബോംബെ സൂചിക 1250 പോയിൻറ്റും നിഫ്റ്റി 372 പോയിൻറ്റും ഇടിഞ്ഞത് നിക്ഷേപകരുടെ ഉറക്കം കെടുത്തി. മൂന്നാഴ്ച്ചയായി തുടരുന്ന ഫണ്ടുകളുടെ ലാഭമെടുപ്പും പുതിയ ഷോട്ട് പൊസിഷനുകളും ഇൻഡക്‌സുകളെ ഉഴുത് മറിച്ചു.
ക്രൂഡ് ഓയിൽ മുന്നേറ്റം ഇന്ത്യൻ സമ്പദ്ഘടനയിൽ വിള്ളലുവാക്കുമെന്ന സൂചന നിക്ഷേപകരെ രംഗത്ത് നിന്ന് പിൻതിരിപ്പിച്ചു. വിദേശ ഫണ്ടുകൾ 2674 കോടി രൂപയുടെ വിൽപ്പന നടത്തി. അതേ സമയം ആഭ്യന്തര ഫണ്ടുകൾ 1782 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഫണ്ടുകൾ നിക്ഷേപം തിരിച്ചു പിടിക്കാൻ കാണിച്ച വ്യഗ്രതയിൽ ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 72.99 ലേക്ക് ഇടിഞ്ഞു. വാരാരംഭത്തിൽ 71.85 ൽ നിലകൊണ്ട രൂപയ്ക്ക് മികവ് കാണിക്കാൻ അവസരം ലഭിച്ചില്ല. തളർച്ചയിൽ നീങ്ങിയ വിനിമയ മൂല്യം വാരാന്ത്യം ഡോളറിന് മുന്നിൽ 72.18 ലാണ്.
2009 സാമ്പത്തിക വർഷത്തിൽ രൂപയുടെ മൂല്യത്തിൽ ഇതുപത് ശതമാനം ഇടിവ് സംഭവിച്ചിരുന്നു. 2012 ൽ മൂല്യം പന്ത്രണ്ട് ശതമാനം കുറഞ്ഞ ശേഷം ഇതാദ്യമായാണ് രൂപ കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുന്നത്. സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ശേഷിക്കുന്നതിനാൽ സ്ഥിതിഗതികൾ കൂടുതൽ താറുമാകാൻ ഇടയുണ്ട്.
29 മാസമായി ബുള്ളിഷായി നീങ്ങുന്ന ചാർട്ടിൽ കഴിഞ്ഞവാരം നിഫ്റ്റി സൂചിക സപ്പോർട്ടിൽ പരീക്ഷണം നടത്തി. പിന്നിട്ടവാരം 3.2 ശതമാനം നിഫ്റ്റി ഇടിഞ്ഞു. 11,418 ൽ നിന്നുള്ള തകർച്ചയിൽ നിഫ്റ്റി 10,866 വരെ താഴ്ന്നു. വിപണിയുടെ 200 ഡേ മൂവിങ് ആവറേജ് 10,750 പോയിൻറ്റിലാണ്. ഈ വാരം ആ താങ്ങ് നിലനിർത്തിയാൽ 11,300 റേഞ്ചിലേയ്ക്ക് തിരിച്ചു വരവിന് ശ്രമം നടത്തും. എന്നാൽ നിർണായക താങ്ങ് നിലനിർത്തുന്നതിൽ വിപണി പരാജയപ്പെട്ടാൽ 10,866-10,590 ലേയ്ക്ക് പരീക്ഷണങ്ങൾ തുടരാം.
വിപണിയുടെ സാങ്കേതിക വശങ്ങൾ ദുർബമായ സാഹചര്യത്തിൽ ഈ വാരം ശക്തമായ ചാഞ്ചാട്ടങ്ങൾക്ക് ഇടയുണ്ട്. പ്രത്യേകിച്ച് ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ച്ച നടക്കുന്നതിനാൽ ഓപ്പറേറ്റർമാർ കരുതലോടെയാവും ഓരോ ചുവടുംവെക്കുന്നത്.
ബോംബെ സൂചിക 37,780 ൽ നിന്ന് തളർന്ന് വെള്ളിയാഴ്ച്ച ഒരവസരത്തിൽ 35,992 വരെ ഇടിഞ്ഞു. വാരാന്ത്യം 1000 പോയിൻറ്റിൽ അധികം ഇടിഞ്ഞ സൂചിക പക്ഷേ തകർച്ചയുടെ അതേ വേഗതയിൽ തന്നെ അന്ന് തിരിച്ചു വരവ് നടത്തി ക്ലോസിങിൽ 36,841 പോയിൻറ്റായി.
ഈവാരം സെൻസെക്‌സിന് 37,749 ൽ പ്രതിരോധവും 35,962 ൽ താങ്ങുണ്ട്. 50 ഡി എം ഏ ആയ 37,587 പോയിൻറ്റിൽ സപ്പോർട്ട് നഷ്ടപ്പെട്ട വിപണിക്ക് ഇനി 200 ദിവസങ്ങളിലെ മൂവിങ് ആവറേജായ 35,268 പോയിൻറ്റിലെ താങ്ങ് പ്രതീക്ഷിക്കാം.
ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എണ്ണ, വാതക വിഭാഗം ഓഹരികളാണ്. റിയൽറ്റി, ഇൻഫ്രാസ്ട്രക്ചർ, ഫിനാൻസ് കൗണ്ടറുകളിൽ ശക്തമായ വിൽപ്പന സമ്മർദ്ദം ദൃശമായി. ഒ എൻ ജി സി ഓഹരി വില 6.88 ശതമാനം ഉയർന്ന് 180 രൂപയായി. ടാറ്റാ സ്റ്റീൽ 624 രൂപയായും റ്റി സി എസ് 2103 രൂപയും കയറി. അതേ സമയം യെസ് ബാങ്ക് ഓഹരി വില 27.79 ശതമാനം ഇടിഞ്ഞ് 227 രൂപയായി. ടാറ്റാ മോട്ടേഴ്‌സ് (ഡിവിആർ) 7.44 ശതമാനം ഇടിഞ്ഞ് 131 ൽ ക്ലോസ് ചെയ്തു. ആക്‌സിസ് ബാങ്ക് അഞ്ച് ശതമാനത്തിൽ അധികം കുറഞ്ഞ് 599 രൂപയായി. മാരുതി സുസൂക്കി അഞ്ച് ശതമാനം താഴ്ന്ന് 8,039 രൂപയായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 270 രൂപയായും കുറഞ്ഞു.