Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും  സുരക്ഷിത നഗരം; അബുദാബിയുടെ  വികസനക്കുതിപ്പിന് ശക്തിയേകും

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തുടർച്ചയായ രണ്ടാം വർഷവും തെരഞ്ഞെടുക്കപ്പെട്ടതിലൂടെ അബുദാബിയുടെ ആതിഥ്യം അനുഭവിച്ചറിയാനും  അവിസ്മരണീയ കാഴ്ചകൾ ആസ്വദിക്കാനുമായി  വരും നാളുകളിൽ കൂടുതൽ പേർ അബുദാബിയിൽ എത്തും. ഇത് അബുദാബിയുടെ വിനോദ സഞ്ചാര മേഖലക്കും വികസന പ്രവർത്തനങ്ങൾക്കും കൂടുതൽ കരുത്ത് പകരും. സുരക്ഷിത നഗര സൂചികയിൽ 88.26 പോയന്റിലേക്ക് ഉയർന്നുകൊണ്ടാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്. മുൻ വർഷം ഇത് 86.46 പോയന്റായിരുന്നു. വിവിധ രാജ്യങ്ങളിലെ സുരക്ഷാ സൂചികക്കൊപ്പം ജീവിതച്ചെലവും താരതമ്യം ചെയ്താണ് നംബിയോ വെബ്‌സൈറ്റ് അബുദാബിയെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുത്തത്. ടോക്യോ, ജപ്പാൻ, ബാസിൽ, മ്യൂണിച്ച്, വിയന്ന ഉൾപെടെ ആഗോള തലത്തിലുള്ള 338 നഗരങ്ങളിൽ ഏറ്റവും സുരക്ഷിത നഗരമായാണ് അബുദാബിയെ തെരഞ്ഞെടുത്തിട്ടുള്ളത്. 
വിനോദസഞ്ചാരത്തിനും താമസിക്കാനും ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി അബുദാബിക്ക് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗം അണ്ടർ സെക്രട്ടറി സഈദ് ഗൊബാഷ് പറഞ്ഞു. തുടർച്ചയായി രണ്ടാം വർഷവും തലസ്ഥാന നഗരിക്ക് ഈ നേട്ടം കൈവരിക്കാനായതിൽ സന്തോഷമുണ്ട്. സഞ്ചാരികളുടെയും രാജ്യത്തെ ജനങ്ങളുടെയും വിശ്വാസം വീണ്ടെടുക്കാനായതിൽ അഭിമാനിക്കുന്നുവെന്നും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ലോകത്തെ ഏറ്റവും സുരക്ഷിത നഗരത്തിനുള്ള പുരസ്‌കാരം നേടിയ അബുദാബിക്ക് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് പ്രവാസികളും അഭിപ്രായപ്പെട്ടു. ആഗോള രാജ്യങ്ങളിൽ മറ്റെവിടെയും ലഭിക്കാത്ത സുരക്ഷിതത്വവും സ്വാതന്ത്ര്യവുമാണ് ഇവിടെയുള്ള ഓരോ പ്രവാസിയും അനുഭവിക്കുന്നത്. സ്വദേശികൾക്കൊപ്പം ഇരുനൂറോളം രാജ്യക്കാരായ ലക്ഷക്കണക്കിന് വിദേശികൾക്കും സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കുന്നതിനുള്ള അംഗീകാരം കൂടിയാണിത്. സ്വദേശികളോടും വിദേശികളോടും ഒരേ മനോഭാവമാണ് രാജ്യവും ഭരണാധികാരികളും കാണിക്കുന്നതെന്നത് അബുദാബിക്ക് തുടർന്നും കൂടുതൽ അംഗീകാരങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് പ്രവാസി ഇന്ത്യക്കാർ വിലയിരുത്തി.


സ്വന്തം വിശ്വാസവും ഇഷ്ടവും അനുസരിച്ചും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ജീവിക്കാൻ അനുവദിക്കുന്നുവെന്നതാണ് അബുദാബിയുടെ ഏടുത്തുപറയാവുന്ന പ്രത്യേകത. സ്ത്രീകൾക്കും കുട്ടികൾക്കും നൽകുന്ന സുരക്ഷിതത്വവും സംരക്ഷണവുമാണ് മറ്റൊരു ആകർഷണം. കുടുംബത്തിന് ലഭിക്കുന്ന സുരക്ഷിതത്വം ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രവാസികളെ സഹായിക്കുന്ന ഘടകമാണ്. 
ലോകത്തെ ഏത് ആധുനിക നഗരത്തോടും കിടപിടിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, അതിലെ താമസക്കാരായ വിവിധ രാജ്യക്കാർക്ക് ഈ സൗകര്യങ്ങൾ ഒരുപോലെ പ്രാപ്യമാക്കുന്നതിലൂടെയാണ് അബുദാബി വ്യത്യസ്തമാകുന്നത്.
കർശനമായ നിയമ സംവിധാനവും ആ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നു എന്നുറപ്പു വരുത്താനുള്ള ഭരണ സംവിധാനവും അബുദാബിക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്ന ഘടകമാണ്.  എല്ലാ വിഭാഗം വരുമാനക്കാർക്കും ലഭ്യമാകുന്ന വിവിധ പൊതുഗതാഗത സൗകര്യങ്ങൾ, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട്  അവശ്യ സാധനങ്ങളുടെ കർശനമായ വില നിയന്ത്രണ നടപടികൾ, വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യ തുടങ്ങിയവയും ഈ നഗരത്തെ വേറിട്ടതാക്കുന്നു. രാജ്യത്തിന്റെ തനതായ സംസ്‌കാരവും മൂല്യങ്ങളും നഷ്ടപ്പെടാതെ തന്നെ വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്ന ഭരണകർത്താക്കളുടെ വീക്ഷണങ്ങൾക്കുള്ള അംഗീകാരമാണ്  ലോകമെമ്പാടു നിന്നുമുള്ള  ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ അബുദാബിയിലേക്കു ആകർഷിക്കാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു. 

Latest News