Sorry, you need to enable JavaScript to visit this website.

സഞ്ജീവ് ഭട്ട് എവിടെ? ഗുജറാത്ത് സര്‍ക്കാര്‍ മറുപടി പറഞ്ഞെ തീരൂവെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- രണ്ടു പതിറ്റാണ്ട് പഴക്കമുള്ള കേസില്‍ അറസ്റ്റ് ചെയ്ത മോഡി വിമര്‍ശകനായ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ രഹസ്യതടങ്കലില്‍ വച്ചിരിക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇതിനു ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയെ തീരൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. സഞ്ജീവ് ഭട്ടിനെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഗുജറാത്ത് പോലീസ് അനുവദിക്കുന്നില്ലെന്നാണ് ഭാര്യ ശ്വേത പരാതിപ്പെട്ടത്. ഇതു ശരിയാണെങ്കില്‍ ഗൗരവമേറിയ ആരോപണമാണെന്ന് കോടതി വ്യക്തമാക്കി. സാധാരണ പ്രതിചേര്‍ക്കപ്പെട്ടവരാണ് കോടതിയെ സമീപിക്കാറുള്ളത്. ഈ കേസില്‍ ഭാര്യയാണ് എത്തിയിരിക്കുന്നത്. ഒരു പൗരന്‍ ഗൗരവമേറിയ ഒരു ആരോപണം ഉന്നയിച്ചാല്‍ സംസ്ഥാനം നിര്‍ബന്ധമായും മറുപടി നല്‍കിയിരിക്കണം-സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ അടുത്ത വെള്ളിയാഴ്ചയ്ക്കു മുമ്പായി മറുപടി നല്‍കാമെന്ന് ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു. കേസ് ഒക്ടോബര്‍ നാലിനു വീണ്ടും പരിഗണിക്കാന്‍ മാറ്റി.

മയക്കുമരുന്ന് കേസില്‍ തെറ്റായി ഒരാളെ പ്രതിചേര്‍ത്തെന്ന 22 വര്‍ഷം പഴക്കമുള്ള കേസിലാണ് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഗുജറാത്ത് പോലീസ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. സഞ്ജീവ് ഇപ്പോള്‍ എവിടെയാണെന്ന് പോലീസ് കുടുംബത്തിനു പോലും വിവരം നല്‍കിയിട്ടില്ല. സ്ഞീജ് ഭട്ടിന് നീതി തേടി ഭാര്യ ശ്വേത ഫേസ്ബുക്കിലൂടെ നിരന്തരം അഭ്യര്‍ത്ഥിച്ചു വരികയാണ്. 

ബി.ജെ.പിയുടേയും ഹിന്ദുത്വ തീവ്രവാദത്തിന്റെയും നരേന്ദ്ര മോഡിയുടേയും കടുത്ത വിമര്‍ശകനായ സഞ്ജീവ് ഭട്ടിനെ 2015ലാണ് ഗുജറാത്ത് സര്‍ക്കാര്‍ ഐ.പി.എസില്‍ നിന്ന് പിരിച്ചു വിട്ടത്. അനുമതിയില്ലാതെ അവധിയെടുത്തെന്നായിരുന്നു കാരണമായി പറഞ്ഞത്.
 

Latest News