Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ മഞ്ചേരിയില്‍ അറസ്റ്റില്‍

മലപ്പുറം- ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന വിദേശികള്‍ക്ക് പണം കൈമാറാനുള്ള ഏജന്റുമാരായി പ്രവര്‍ത്തച്ച രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി പോലീസ് രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂര്‍ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരാണ് അറസ്റ്റിലായത്. വിലപിടിപ്പുള്ള മരുന്ന് ഒരു വെബ്‌സൈറ്റ് മുഖേന വാങ്ങാന്‍ ശ്രമിച്ച മഞ്ചേരി സ്വദേശിയായ ഹോള്‍സെയില്‍ മരുന്ന് വ്യാപാരിയില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയ കേസിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍, മറ്റ് രേഖകള്‍ മുതലായവ പിടിച്ചെടുത്തു. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിക്കുന്ന കുറ്റവാളികളാണ് ഇവര്‍. സമാനമായ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവര്‍ മുഖേന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ  മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി. 

വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഏജന്റുമാരായ പ്രവര്‍ത്തിക്കുന്നവരാണ് ഇപ്പോള്‍ പിടിയിലായ പ്രതികളെന്നും പോലീസ് പറഞ്ഞു.

രണ്ട് മാസം മുമ്പ് മുകേഷ് ചിപ്പയെ പിടികൂടാന്‍ മഞ്ചേരി പോലീസ് രാജസ്ഥാനില്‍ എത്തിയിരുന്നു. അന്ന് പോലീസ് സാന്നിദ്ധ്യം മനസ്സിലായ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും മറ്റും നിരന്തരം നിരീക്ഷണം നടത്തിയതില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും രാജസ്ഥാനില്‍ എത്തിയ പോലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തി ചിറ്റോര്‍ഗഡ് ജില്ലാ കോടതി പരിസരത്ത് വെച്ചാണ് മുകേഷ് ചിപ്പയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരപ്രകാരം സന്ദീപ് മൊഹീന്ദ്രയെ സമീപപ്രദേശമായ ചിറ്റോര്‍ഗഡ് ചന്ദേരിയയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

തട്ടിപ്പിന്റെ വഴികള്‍
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകള്‍ തയ്യാറാക്കി പലതരം ഉല്‍പ്പന്നങ്ങള്‍ വില്‍പനക്കെന്ന പേരില്‍ പരസ്യം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ ആരെങ്കിലും ഉത്പന്നങ്ങള്‍ക്കായി സെര്‍ച്ച് ചെയ്താല്‍ ഉടനടി ഇവര്‍ക്ക് മെസേജ് ലഭിക്കുകയും ഇവര്‍ ഇമെയില്‍ വഴിയോ വിര്‍ച്വല്‍ നമ്പറുകള്‍ വഴിയോ ഇരകളെ ബന്ധപ്പെടും. ഇര ഉല്‍പ്പന്നം വാങ്ങാന്‍ തയ്യാറായാല്‍ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസന്‍സുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചുകൊടുക്കും. 

പിന്നീട് ഉല്‍പ്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സായി വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. പണം അടവാക്കിയാല്‍ ഉല്‍പന്നം കൊറിയര്‍ ചെയ്തതായും അതിന്റെ കണ്‍സൈന്‍മെന്റെ് നമ്പര്‍ ഇതാണെന്നും കാണിച്ച് മെസേജ് അയക്കും. പ്രതികള്‍ തന്നെ വിവിധ കൊറിയര്‍ കമ്പനികളുടേതെന്ന വ്യാജേന തയ്യാറാക്കിയ വെബ്‌സൈറ്റുകളില്‍ ഈ കണ്‍സൈന്‍മെന്റെ് നമ്പര്‍ ട്രാക്ക് ചെയ്യാനാകുമെന്നതിനാല്‍ ഇത് പരിശോധിക്കുന്ന ഇരക്ക് കൂടുതല്‍ വിശ്വാസം തോന്നും. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ നിങ്ങള്‍ക്കുള്ള കൊറിയര്‍ പാക്കിംഗ് മോശമാണെന്നും അതിന് ഇന്‍ഷുറന്‍സായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് മെസേജ് ലഭിക്കും.  ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ അനധികൃതമായി വരുന്ന പണം കമ്മീഷന്‍ വ്യവസ്ഥയില്‍ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന സംഘമാണ് രാജസ്ഥാനില്‍ നിന്നും അറസ്റ്റിലാത്. ഒമ്പതു ശതമാനം കമ്മീഷനാണ് പ്രതികള്‍ കൈപ്പറ്റിയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മാത്രം ഇരുപത് ലക്ഷത്തിലധികം രൂപ കമ്മീഷന്‍ ഇനത്തില്‍ മാത്രം ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്. അതായത് ഇക്കാലയളവില്‍ മാത്രം ഇവര്‍ നടത്തിയ തട്ടിപ്പ് പതിനെട്ട് കോടിയിലധികം വരും.

Latest News