കുടുംബ വഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ നാവ് കടിച്ചുമുറിച്ചു

ന്യൂദല്‍ഹി- കുടുംബ വഴക്കിനിടെ ദല്‍ഹിയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിന്റെ നാവ് കടിച്ചുമുറിച്ചു. സാരമായി പരിക്കേറ്റ യുവാവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ആരോഗ്യ നില തൃപതികരമാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. 22-കാരിയായ കാജല്‍ സിങിനെതിരെ പോലീസ് കേസെടുത്തു. ഭര്‍ത്താവും തെരുവ്‌നാടക കലാകാരനുമായ കരണ്‍ സിങിനാണ് പരിക്കേറ്റത്. ദല്‍ഹിക്കടുത്ത രന്‍ഹോലയിലെ വികാസ് നഗര്‍ സ്വദേശികളാണ് ഇരുവരും. ഇരുവരും വീട്ടില്‍ കലഹമുണ്ടാക്കിയിരുന്നെങ്കിലും കരണിന്റെ മാതാപിതാക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. പിന്നീട് ഉറങ്ങാന്‍ പോയ ദമ്പതികള്‍ കിടപ്പു മുറിയിലും വഴക്കിടുകയായിരുന്നു. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടടുത്താണ് കരണ്‍ നിലവിളിയുമായി മുറിക്കു പുറത്തേക്കോടിയത്. വായില്‍ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും നാവിന്റെ വേര്‍പ്പെട്ട ഭാഗം തുന്നിച്ചേര്‍ക്കാനായില്ലെന്നും പോലീസ് പറഞ്ഞു. സംസാര ശേഷി പൂര്‍ണമായും തിരിച്ചുകിട്ടുമോ എന്ന കാര്യം ചികിത്സയ്ക്കു ശേഷമെ പറയാനാകൂവെന്നും പോലീസ് പറഞ്ഞു. 
 

Latest News