ജിദ്ദ- സൗദി അറേബ്യയില്‍ വനിതകളുടെ നേട്ടങ്ങള്‍ വലിയ ആഘോഷമായി മാറിയിരിക്കുകയാണ്. ദേശീയ ദിനത്തോടനുബന്ധിച്ചും പുതിയൊരു വനിതാ താരോദയം സംഭവിച്ചു. രാജ്യത്ത് ആദ്യമായി ടിവിയില്‍ വാര്‍ത്ത അവതരിപ്പിച്ച് സൗദി ടിവിയുടെ ഓപറേഷന്‍ മാനേജരായ വിആം അല്‍ദഖീല്‍ ആണ് താരമായത്. ടിവി അവതരണത്തില്‍ മികച്ച പരിശീലനം നേടിയ വിആം സൗദിയുടെ ഔദ്യോഗിക ചാനലായ സൗദി ടിവിയില്‍ പ്രധാന വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന ആദ്യവനിതയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. വെള്ളിയാഴ്ച ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ സൗദിയില്‍ ഒന്നാമതായിരുന്നു വിആം. ഇപ്പോള്‍ ലോകം ഈ നേട്ടത്തെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയില്‍ ഈ വര്‍ഷം ജനുവരിയിലാണ് വിആം ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ബഹ്‌റൈനിലെ അല്‍ അറബ് വാര്‍ത്താ ചാനലില്‍ മൂന്നു വര്‍ഷത്തോളം അവതരാകയായിരുന്നു. സി.എന്‍.ബി.സി അറേബ്യ ചാനലിനു വേണ്ടിയും മുമ്പ് ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലബനാനില്‍ ദാറല്‍ ഹയാത്ത് പത്രത്തിലാണ് തുടക്കം. ലെബനീസ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയത് 2011ലാണ്. അറബി കൂടാതെ ഇംഗ്ലീഷും ഫ്രഞ്ചും വിആമിന് നന്നായി വഴങ്ങും.