റിയാദ്- സൗദി ദേശീയദിനത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അപൂർവ വീഡിയോ, മകനും യു.എസ് അംബാസഡറുമായ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഹിജ്‌റ 1357ലെ ഹജ് വേളയിൽ പിതാവ് അബ്ദുൽ അസീസ് രാജാവ് പ്രഭാഷണം നടത്തുന്നതിടെ അദ്ദേഹത്തിന്റെ ചാരത്തിരിക്കുന്ന രാജാവിന്റെ കുട്ടിക്കാലത്തെ വീഡിയോ ആണ് ഖാലിദ് രാജകുമാരൻ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തത്.
വീഡിയോ ക്ലിപ്പിംഗിലുള്ള അബ്ദുൽ അസീസ് രാജാവിന്റെ പ്രഭാഷണത്തിന്റെ സാരാംശം ഇതാണ്. ' ഈ പവിത്രഭൂമിയിലാണ് അല്ലാഹു വിശുദ്ധ കഅ്ബാലയത്തെ പ്രതിഷ്ഠിക്കുകയും പ്രവാചകന്മാരിലും ദൂതന്മാരിലും ശ്രേഷ്ഠരായ നമ്മുടെ പ്രവാചകനെ നിയോഗിക്കുകയും ചെയ്തത്.
അതിനാൽ മതകാര്യങ്ങളിൽ ഗുണകാംക്ഷ പുലർത്തുകയും പ്രബോധന ദൗത്യം പ്രഘോഷണം ചെയ്യുക എന്നത് നമുക്ക് പ്രത്യേകമായും മുസ്‌ലിംകൾക്ക് പൊതുവായും നിർബന്ധ ബാധ്യതയാകുന്നു.
ഈ വിശുദ്ധ ഹറമിൽ നിന്നുകൊണ്ട് ഞാൻ മുസ്‌ലിംകളോട് പ്രവാചകചര്യ മുറുകെ പിടിക്കാൻ അഭ്യർഥിക്കുകയാണ്. നിങ്ങൾ അല്ലാഹുവിന് മാത്രം ആത്മാർഥയോടെ ആരാധന നിർവഹിക്കുകയും ബഹുദൈവാരാധനയിൽനിന്ന് പാടെ വിട്ടുനിൽക്കുകയും ചെയ്യുക.
അല്ലാഹുവിന്റെ നാമ വിശേഷണങ്ങളിലും ആരാധനകളിലും അവനോട് പങ്ക് ചേർക്കരുത്. ഖുർആനും പ്രവാചക ചര്യയുമാകുന്ന ദൈവീക പാശത്തെ നിങ്ങൾ മുറുകെ പിടിക്കുക. അതിൽ നന്മയുണ്ട്. ഇസ്‌ലാം വിരോധിച്ച കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഖുർആനും പ്രവാചകചര്യയുമല്ലാതെ ഒന്നും നമ്മെ ഒന്നിപ്പിക്കുകയില്ല'.ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ വീഡിയോ ഏതാനും സമയംകൊണ്ട് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്.






