Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി ഗുരുതരം; പകർച്ചവ്യാധിയിൽ 82 മരണം

തിരുവനന്തപുരം- പ്രളയത്തിന് ശേഷമുള്ള സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. 22 ദിവസത്തിനുള്ളിൽ പകർച്ചവ്യാധികൾ പിടിപെട്ട് ജീവൻ നഷ്ടമായത് 82 പേർക്ക്. എലിപ്പനി പിടിപെട്ട് 62 ഉം വൈറൽ പനി മൂലം 13 ഉം ജപ്പാൻ ജ്വരം ബാധിച്ച് രണ്ടും മഞ്ഞപ്പിത്തം പിടിപെട്ട് ഒരാളും എച്ച്1എൻ1 ബാധിച്ച് രണ്ടും ചെള്ളുപനിവന്ന് ഒരാളും മരിച്ചു. രോഗബാധിതരുടെ എണ്ണവും ദിനം പ്രതി കൂടുകയാണ്. 2.73 ലക്ഷം പേർക്കാണ് 22 ദിവസത്തിനുള്ളിൽ പകർച്ചവ്യാധി പിടിപെട്ടത്.
ദിവസവും പതിനായിരത്തിൽ അധികം ആളുകൾ പകർച്ചപ്പനിക്ക് മാത്രം ചികിത്സ തേടുന്നുണ്ട്. 2.35 ലക്ഷം പേർക്കാണ് ഈ മാസം മാത്രം പകർച്ചപ്പനി പിടിപെട്ടത്. പ്രളയ ശേഷം കൊതുകുജന്യ രോഗങ്ങൾ ക്രമാതീതമായി പടരുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. 952 പേർ ഈ മാസം ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതിൽ 232 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 720 പേർ നിരീക്ഷണത്തിലുണ്ട്. മലേറിയ 75 പേരിലും കണ്ടെത്തി. 
എലിപ്പനി വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയെങ്കിലും ഫലം കണ്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2400 പേരിലാണ് എലിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതിൽ 782 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 1618 പേർ നിരീക്ഷണത്തിലുണ്ട്.  എച്ച്1എൻ1 69 പേരിലേക്ക് പടർന്നു. ചെളളുപനി 43 പേർക്ക് സ്ഥിരീകരിച്ചു. 11 പേർ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. ആറുപേർക്ക് ചിക്കുൻഗുനിയ ആണെന്നു കണ്ടെത്തി. ജപ്പാൻ ജ്വരം ആറ് പേർക്ക് പിടിപെട്ടു.
ജലജന്യ രോഗങ്ങളും പടരുകയാണ്. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) രോഗസംശയത്തിൽ  441 പേർ നിരീക്ഷണത്തിലുണ്ട്. 51 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കിയ കോളറയും ഈ മാസം ഒരാളിൽ കണ്ടെത്തി. വയറിളക്കും ഛർദ്ദിയും 36,381 പേർക്ക് പിടിപെട്ടു. ശനിയാഴ്ച മാത്രം 1620 പേർ ചികിത്സ തേടി. ടൈഫോയിഡ് ലക്ഷണങ്ങളോടെ 125 പേരാണ് ചികിത്സയിലുള്ളത്. നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു.  ചിക്കൻപോക്‌സും ക്രമാതീതമായി പടരുകയാണ്. 1693 പേർ ചിക്കൻപോക്‌സ് പിടിപെട്ട് ചികിത്സയിലുണ്ട്. മുണ്ടിനീര് 79 പേർക്കും അഞ്ചാംപനി 17 പേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്.  പ്രളയ ശേഷം മൂന്നു മാസം കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
 

Latest News