Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

കഅ്ബയെ അണിയിച്ച കിസ്‌വ താഴ്ത്തി

വിശുദ്ധ കഅ്ബയെ അണിയിച്ച കിസ്‌വ താഴ്ത്തിയിടുന്നു. 

മക്ക - വിദേശ ഹജ് തീർഥാടകരിൽ ബഹുഭൂരിപക്ഷവും നാടുകളിലേക്ക് മടങ്ങി, മസ്ജിദുൽഹറാമിൽ തിരക്കൊഴിഞ്ഞതോടെ, വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച പുതിയ കിസ്‌വ ഹറംകാര്യ വകുപ്പ് താഴ്ത്തിയിട്ടു. ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന്റെ സാന്നിധ്യത്തിലാണ് കിസ്‌വ ശാദിർവാൻ റിംഗിനോട് ചേർത്തിക്കെട്ടിയത്. ഹജ് തീർഥാടകർ അറഫയിൽ സമ്മേളിച്ച ദുൽഹജ് ഒമ്പതിനാണ് വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചത്. 
ഹജ് വേളയിൽ കടുത്ത തിരക്കിനിടെ തീർഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കിസ്‌വ ഉയർത്തിക്കെട്ടുന്നതെന്ന് കിസ്‌വ ഫാക്ടറി ഡയറക്ടർ ജനറൽ അഹ്മദ് അൽമൻസൂരി പറഞ്ഞു. തറനിരപ്പിൽനിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്‌വ ഉയർത്തിയിരുന്നത്. ഹറംകാര്യ വകുപ്പിലെയും കിസ്‌വ നിർമാണ ഫാക്ടറിയിലെയും 30 ലേറെ ജീവനക്കാർ ചേർന്നാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്ന ഹജ് സീസണിൽ കിസ്‌വ ഉയർത്തിക്കെട്ടുന്നത് പതിവാണ്. വൃത്തിയായി സൂക്ഷിക്കുന്നതിനും കേടാകാതെ നോക്കുന്നതിനുമാണ് കിസ്‌വ ഉയർത്തിക്കെട്ടുന്നതെന്നും അഹ്മദ് അൽമൻസൂരി പറഞ്ഞു. തെറ്റായ വിശ്വാസം മൂലം ചിലർ കിസ്‌വയിൽനിന്ന് നൂലുകൾ വലിച്ചെടുക്കാറുണ്ട്. മറ്റു ചിലർ അനുഗ്രഹം തേടി കിസ്‌വയെ സ്പർശിക്കുകയും ചുംബിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കിസ്‌വ ഉയർത്തിക്കെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.