റഫാല്‍ വിവാദം ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്ന് ഫ്രാന്‍സ്

പാരിസ്- ഇന്ത്യയ്ക്കു റഫാല്‍ യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള കരാറിനെ ചൊല്ലി മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് ഉയര്‍ത്തിയ പുതിയ വിവാദം ഇന്ത്യയുമായുളള ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ടെന്ന് ഫ്രാന്‍സ്. കഴിഞ്ഞ വര്‍ഷം മേയില്‍ അധികാരമൊഴിഞ്ഞ ഒലാന്ദ് വെള്ളിയാഴ്ചയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തി വിവാദത്തിന് തിരികൊളുത്തിയത്. 2016ല്‍ ഇന്ത്യയില്‍ നടന്ന ചര്‍ച്ചയില്‍ റഫാല്‍ ഇടപാടില്‍ യുദ്ധവിമാന നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി ദസോയുയുടെ പങ്കാളിയായ റിലയന്‍സിനെ മാത്രമെ ഇന്ത്യ നിര്‍ദേശിച്ചുള്ളൂവെന്നായിരുന്നു ഒലോന്ദിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അന്താരാഷ്ട്ര ബന്ധത്തെ ആശങ്കയിലാക്കുന്ന ഈ ഈ പ്രസ്താവന ആരേയും സഹായിക്കാന്‍ പോകുന്നില്ല, ഫ്രാന്‍സിനെ ഒരിക്കുലം സഹായിക്കില്ല- ഫ്രാന്‍സ് വിദേശകാര്യ സെക്രട്ടറി ജോ ബപ്റ്റീസ് ലുമോനെ പറഞ്ഞു. ഇന്ത്യയില്‍ വിവാദത്തിനിടയാക്കി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന തരത്തില്‍ അധികാരത്തിലില്ലാത്ത ഒരാള്‍ പ്രസ്താവനകളിറക്കുന്നത് തീര്‍ത്തും അനുചിതമാണ്- റേഡിയോ ജെക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Latest News