Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭീകരതയുടെ വേരറുത്ത ചടുലനീക്കം


സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ സമൂലമായ പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അതിവിദൂരമല്ലാത്ത ഭാവിയിൽ സൗദി അറേബ്യയെ ശ്രദ്ധേയമായ ലോക രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണ് സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ലക്ഷ്യം. സ്വന്തം ജനതയെ സർക്കാരേതര തൊഴിൽ മേഖലയിലേക്ക് കാലെടുത്തു വെക്കാൻ പ്രേരിപ്പിച്ചും പരമ്പരാഗത സാമ്പത്തിക വരുമാന സ്രോതസ്സുകളിൽ നിന്ന് വഴിമാറിയും സ്ത്രീ ജനങ്ങൾക്ക് രാഷ്ട്ര നിർമിതിയിൽ അതുല്യ സ്ഥാനം നൽകിയും രാജ്യത്തെ വികസന വിപ്ലവത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചു കൊണ്ടിരിക്കുകയാണ് ഭരണകർത്താക്കൾ.
വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചും വിനോദ മേഖലയിൽ സിനിമയടക്കമുള്ള വിവിധ സാംസ്‌കാരിക ഇനങ്ങൾക്ക് അനുമതി നൽകിയും അൽഖിദ്‌യ, നിയോം സിറ്റികൾക്ക് രൂപം നൽകിയും അപൂർവമായ ഭരണ പരിഷ്‌കാരങ്ങൾക്കാണ് സൽമാൻ രാജാവ് തുടക്കമിട്ടത്. ഒരു കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ഗതി നിർണയിച്ചിരുന്ന എണ്ണ വിപണി താഴോട്ട് പതിച്ചപ്പോൾ എണ്ണേതര വരുമാനങ്ങളിലേക്ക് കാലൂന്നി സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള പദ്ധതികൾ ഫലം കണ്ടു വരികയാണ്. എണ്ണയുടെ ആശ്രിതത്വത്തിൽ നിന്ന് രാജ്യത്തെ പൂർണമായും കരകയറ്റാനുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നിർദേശങ്ങളായി നിലവിലെ സമ്പദ് വ്യവസ്ഥ സമൂലം ഉടച്ചു വാർക്കുന്ന രൂപത്തിലാണ് വിഷൻ-2030ന് രൂപം നൽകിയത്. ഇതിനായി വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും പരമ്പരാഗത രീതികളിൽ സമൂല മാറ്റങ്ങൾ വരുത്തി. തൊഴിലെടുത്ത് ജീവിക്കുന്ന വിദേശികൾക്കും രാജ്യത്തിന്റെ പുരോഗതിയിൽ അവരുടേതായ പങ്ക് വഹിക്കുന്നതിന് ആശ്രിത ലെവിയും തൊഴിൽ ലെവിയും ഏർപ്പെടുത്തി. റീട്ടെയിൽ മേഖലയെ വിദേശികളുടെ നിയന്ത്രണത്തിൽ നിന്ന് മാറ്റി സ്വദേശികളുടെ കൈകളിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളും നടപ്പാക്കി വരികയാണിപ്പോൾ. അതോടൊപ്പം തന്നെ വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.
2015 ജനുവരി 23ന് അബ്ദുല്ല രാജാവിന്റെ നിര്യാണത്തെ തുടർന്നാണ് കിരീടാവകാശിയായിരുന്ന സൽമാൻ ബിൻ അബ്ദുൽ അസീസ് സൗദി അറേബ്യയുടെ പുതിയ ഭരണാധികാരിയായത്. അറബ് മേഖലയിൽ ആധിപത്യമുറപ്പിക്കാൻ ഇറാൻ നീക്കങ്ങളാരംഭിക്കുകയും തീവ്രവാദികളും വിഘടന വാദികളും വെല്ലുവിളികളുയർത്തുകയും ചെയ്ത സമയമായിരുന്നു അത്. എന്നാൽ എല്ലാവിധ വെല്ലുവിളികളെയും സധൈര്യം നേരിട്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് സൽമാൻ രാജാവിന്റെ ഭരണ സാമർഥ്യവും നേതൃപാടവവും കൊണ്ട് മാത്രമാണ്. പിതാവ് അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ ഭരണ രംഗത്തുള്ള ഇടപെടലുകളാണ് പ്രതിസന്ധികളെ അനായാസം നേരിടാൻ സൽമാൻ രാജാവിന് തുണയായത്.


ഭരണമേറ്റെടുത്ത് രണ്ട് മാസം കഴിഞ്ഞപ്പോൾ യെമൻ സർക്കാരിനെയും രാജ്യത്തിന്റെ അതിർത്തികളെയും സുരക്ഷിതമാക്കാൻ ഹൂത്തികൾക്കെതിരെ യെമനിലേക്ക് പട നയിക്കേണ്ടിവന്നു. 41 മുസ്‌ലിം രാജ്യങ്ങളെ ഉൾപ്പെടുത്തിയ സൈനിക സഖ്യത്തെയായിരുന്നു യെമനിലേക്ക് സൗദി അറേബ്യ നയിച്ചത്. അതുവഴി ഹൂത്തികളെ അമർച്ച ചെയ്യാനും അവിടെ നിയമാനുസൃത ഭരണം പുനഃസ്ഥാപിക്കാനും സാധിച്ചു. തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഭരണകൂടം പുലർത്തി വരുന്നത്. തീവ്രവാദികൾക്ക് സഹായങ്ങൾ നൽകിയെന്നാരോപിച്ച് ജി.സി.സി അംഗമായ ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ചത് ഇതിന്റെ ഭാഗമായാണ്. മധ്യ പൗരസ്ത്യ ദേശങ്ങളിൽ സ്വാധീനം വർധിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തെ ശക്തമായി പ്രതിരോധിച്ച് അറബ് ഇസ്‌ലാമിക് രാജ്യങ്ങളെ ഏകീകരിക്കാനുള്ള സൽമാൻ രാജാവിന്റെ ശ്രമങ്ങൾക്ക് എല്ലാ കോണുകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചു വരുന്നത്.
നയതന്ത്ര ബന്ധം സുദൃഢമാക്കുന്നതിന് അമേരിക്ക, ജപ്പാൻ, ബ്രൂണെയ്, മലേഷ്യ, ഇന്തോനേഷ്യ, തുർക്കി, ഈജിപ്ത്, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനകം സന്ദർശിക്കുകയും 140 ഓളം രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യത്തെ പൗരന്മാരുടെയും ഇസ്‌ലാമിക്, അറബിക് സമൂഹത്തിന്റെയും ക്ഷേമത്തിനുതകുന്ന നിരവധി കരാറുകളിൽ ഒപ്പു വെക്കാനും സൽമാൻ രാജാവിന് ഇതുവഴി അവസരമുണ്ടായി.

1935 ഡിസംബർ 31ന് അബ്ദുൽ അസീസ് രാജാവിന്റെ 25-ാമത്തെ മകനായി അൽഹുക്ം കൊട്ടാരത്തിലാണ് ജനനം. പത്താം വയസ്സിൽ ഖുർആൻ മനഃപാഠമാക്കി. ചെറുപ്പം മുതലേ പിതാവിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്ന അദ്ദേഹം രാഷ്ട്ര നേതാക്കളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളിൽ പിതാവിനൊപ്പം സംബന്ധിക്കാറുണ്ടായിരുന്നു. 1954 മാർച്ച് 16ന് 19-ാം വയസ്സിൽ റിയാദ് പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒരു വർഷത്തിന് ശേഷം 1955 ഏപ്രിൽ 18ന് മന്ത്രിപദവിയോടെ റിയാദിന്റെ ഗവർണറായി നിയമിതനായി. 2011 നവംബർ അഞ്ചിന് കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ സുൽത്താൻ മരിച്ചപ്പോൾ പ്രതിരോധ മന്ത്രിയായി അദ്ദേഹത്തെ അബ്ദുല്ല രാജാവ് നിയമിച്ചു. 2012 ജൂൺ 18ന് സഹോദരൻ നായിഫിന്റെ മരണാനന്തരം കിരീടാവകാശിയുമായി. 
50 വർഷത്തിലധികം തലസ്ഥാന നഗരിയുടെ ഗവർണറായി നിന്നപ്പോഴും രാജാക്കന്മാരായിരുന്ന സഹോദരന്മാർക്കെല്ലാം സൽമാന്റെ സാന്നിധ്യം ആശ്വാസമായിരുന്നു. രാജകുടുംബത്തിന്റെ രഹസ്യ സൂക്ഷിപ്പുകാരനായി അറിയപ്പെട്ട അദ്ദേഹം എല്ലാ രാജാക്കന്മാരുടെയും ഉപദേഷ്ടാവായിരുന്നു. ഏത് പ്രതിസന്ധിയിലും വ്യക്തവും ദൃഢവുമായ തീരുമാനമെടുക്കുന്നതിൽ അദ്ദേഹം അവർക്കൊപ്പം നിന്നു. സൽമാനെ അടുത്തറിയുന്ന എല്ലാവർക്കും അദ്ദേഹം പ്രിയങ്കരനാണ്. സൗമ്യതയുടെ പ്രതീകവും സുഹൃദ് ബന്ധങ്ങളുടെ ശിൽപിയും. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ മറക്കാത്ത പ്രകൃതം. മുഖത്ത് മായാത്ത പ്രസന്നതയും വിനയ ഭാവവും. ആവശ്യക്കാരനെ കൈമറന്നു സഹായിക്കും. അയൽ രാജ്യങ്ങൾ രാഷ്ട്രീയാസ്ഥിരതയിൽ തിളച്ചു മറിഞ്ഞപ്പോൾ രാജ്യത്ത് സുസ്ഥിര ഭരണത്തിന് ആണിക്കല്ലായി നിന്നതും ഇദ്ദേഹം തന്നെ. 


പരാതിയുമായെത്തിയവരെ തന്റെ മുന്നിൽ വിളിപ്പിച്ച് അവരുടെ പ്രശ്‌നങ്ങൾക്ക് അതിവേഗം തീർപ്പു കൽപിച്ചായിരുന്നു റിയാദ് ഗവർണറായപ്പോൾ സൽമാൻ ജനകീയനായത്. സ്വദേശികളും വിദേശികളുമായ ആവലാതിക്കാരെ സ്വീകരിക്കാൻ പ്രത്യേക ദിവസം നിശ്ചയിച്ച് പരിഹാരം നിർദേശിക്കാൻ ഈ നീതിമാനായ ഭരണകർത്താവ് താത്പര്യമെടുത്തു. ഗവർണറേറ്റിലെത്തുന്ന വിദേശി തൊഴിലാളികളുടെ തൊഴിൽ പ്രശ്‌നങ്ങളിൽ പെട്ടെന്ന് തന്നെ തീർപ്പു കൽപിച്ചിരുന്നു. സ്‌പോൺസറിൽ നിന്ന് ശമ്പളം ലഭിക്കാത്തവർ, ഇഖാമയും പാസ്‌പോർട്ടും ഇല്ലാത്തവർ, കേസുകളിൽ പെട്ട് വലയുന്നവർ അങ്ങനെ നിരവധി ആലംബ ഹീനർക്ക് സൽമാൻ എന്ന ഗവർണറുടെ സഹായങ്ങൾ ലഭിച്ചിരുന്നു. വേണ്ടത്ര വികസനമില്ലാതെ കിടന്നിരുന്ന റിയാദിനെ ആധുനിക നഗരമായി വികസിപ്പിച്ചെടുക്കാൻ പ്രത്യേകം താത്പര്യം കാണിച്ചതും ഗവർണറായിരുന്ന സൽമാൻ തന്നെ. സാംസ്‌കാരിക പൈതൃകവും ദേശീയ സ്വത്വവും നിലനിർത്തി ലോക മെട്രോപൊളിറ്റൻ നഗരങ്ങളുടെ പട്ടികയിലാണിന്ന് റിയാദ് ഇടം നേടിയിരിക്കുന്നത്.
വൃക്ക രോഗികളുടെയും വികലാംഗരുടെയും സഹായത്തിന് നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനകൾക്കും പ്രകൃതി ദുരന്തത്തിനിരയായി കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്ന സഹായ സമിതികൾക്കും നേതൃത്വം നൽകുന്ന സൽമാൻ ദേശീയ-അന്തർദേശീയ വിദ്യാഭ്യാസ, സാംസ്‌കാരിക സമിതികളുടെയും സാരഥിയാണ്. ദാരിദ്ര്യ നിർമാർജന രംഗത്ത് നൽകിയ സംഭാവന മുൻനിർത്തി 1997ൽ ഐക്യരാഷ്ട്ര സഭ പുരസ്‌കാരം, നിരവധി യൂനിവേഴ്‌സിറ്റികളിൽ നിന്ന് ഡോക്ടറേറ്റുകൾ, സാംസ്‌കാരിക, സാമൂഹ്യ സംഘടനകളിൽ നിന്ന് പുരസ്‌കാരങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ ഇങ്ങനെ പോകുന്നു അദ്ദേഹത്തിന് ലോകം നൽകിയ ആദരവുകൾ.
രാജ്യം എല്ലാ നിലയിലും പുരോഗതി പ്രാപിക്കുന്നതിനാവശ്യമായ നടപടികളുമായാണ് ഭരണകൂടം മുന്നേറുന്നത്. രാജ്യത്തെയും ഭരണകൂടത്തെയും അനുസരിക്കൽ ബാധ്യതയാണെന്ന തിരിച്ചറിവിൽ ജനങ്ങൾ പൂർണ പിന്തുണയും നൽകുന്നു. തീവ്രവാദികൾക്കും വിഘടന വാദികൾക്കും ഈ മണ്ണിൽ സ്ഥാനമില്ലാതെ പോയതും ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ തെളിവാണ്. 

Latest News