Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെ നടപടി, ഭീഷണി

കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ നടപടികളും ഭീഷണികളും തുടരുന്നു. യാക്കോബായ സഭാ വൈദികനെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കി. മൂവാറ്റുപുഴ പാമ്പാകുട ദയറയിലെ യുഹോനാന്‍ റമ്പാനെതിരെയാണ് നടപടി. ലബനോനിലെ അന്ത്യോകയില്‍നിന്ന് യാക്കോബായ സഭ ആഗോള പരമാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമനാണ് നടപടി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കത്തോലിക്ക സഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യാക്കോബായ സഭയുടെ നടപടിയെന്നു പറയുന്നു. ദയറയില്‍ പ്രാര്‍ഥനയും ദാരിദ്ര്യ വൃതവും എടുത്ത് കഴിയേണ്ടവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന കല്‍പനയില്‍ വ്യക്തമാക്കുന്നു.
യുഹോനാന്‍ റമ്പാന്‍ കന്യാസ്ത്രീകള്‍ സമരം നടത്തിയ ഹൈകോടതി ജംങ്ഷനിലെ വഞ്ചി സ്‌ക്വയറിലെത്തി പ്രസംഗിച്ചിരുന്നു. 

കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കും കത്തോലിക്ക സഭ വിലക്കേര്‍പ്പെടുത്തിയിരുന്നു. വേദപാഠം, വിശുദ്ധ കുര്‍ബാന, ഇടവക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നാണ് മാനന്തവാടി രൂപത സിസ്റ്റര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.


ഞായറാഴ്ച രാവിലെ വേദപാഠം പഠിപ്പിക്കുവാനെത്തിയപ്പോള്‍ മദര്‍ സുപ്പീരിയറാണ് വിലക്ക് വിവരം അറിയിച്ചതെന്നാണ് സിസ്റ്റര്‍ ലൂസി പറയുന്നു. ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് താന്‍ ഭീഷണി നേരിടുന്നതായി സിസ്റ്റര്‍ ഇമല്‍ഡ അറിയിച്ചു. ഒരു പുരോഹിതന്‍ തന്നെ ഫോണില്‍ വിളിച്ച് രാഷ്ട്രീയ സമരവുമായി നടക്കുകയാണോ എന്ന് ചോദിച്ചതായി ഇമല്‍ഡ പറഞ്ഞു.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിലവിളിക്കൊപ്പമാണ് നിന്നതെന്നും രാഷ്ട്രീയ സമരത്തിന് പോയിട്ടില്ലെന്നും  അവസാന നിമിഷം വരെ നീതിക്കായി പോരാടുമെന്നും സിസ്റ്റര്‍ ഇമല്‍ഡ വ്യക്തമാക്കി.

 

Latest News