Sorry, you need to enable JavaScript to visit this website.

മദ്യപാനം ഒരു വര്‍ഷം കൊല്ലുന്നത് 2.6 ലക്ഷം ഇന്ത്യക്കാരെ

മുംബൈ- മദ്യപാനം മൂലം വിവിധ കാരണങ്ങളാല്‍ ഒരു വര്‍ഷം ഇന്ത്യയില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട്. മദ്യപാനം മൂലം ഉണ്ടാകുന്ന ലിവര്‍ സിറോസിസ്, കാന്‍സര്‍, മദ്യപിച്ച് വാഹനമോടിച്ചുള്ള റോഡപകടങ്ങള്‍ എന്നിവ കാരണമായി ഇന്ത്യയില്‍ 2.6 ലക്ഷം പേര്‍ക്ക് പ്രതിവര്‍ഷം ജീവന്‍ നഷ്ടമാകുന്നതായാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആഗോള സ്ഥിതിവിവര കണക്കുകളില്‍ പറയുന്നത്. ലോകത്തൊട്ടാകെ ഒരു ദിവസം മദ്യം കാരണം മരിക്കുന്നത് ആറായിരം പേരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 28 ശതമാനം വാഹനപകടങ്ങളില്‍ പരിക്കേറ്റോ സംഘര്‍ഷമോ അടിപിടിയോ കാരണമാണ്. 21 ശതമാനം ദഹന പ്രക്രിയയിലെ താളപ്പിഴകാരണവും 19 ശതമാനം ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണവുമാണ്. ബാക്കി മരണങ്ങള്‍ അണുബാധ, കാന്‍സര്‍, മാനസിക പ്രശ്്‌നങ്ങള്‍ മറ്റു ആരോഗ്യ പ്രശനങ്ങള്‍ മൂലവും മരിക്കുന്നു.

ഇന്ത്യയിലെ റോഡുകളില്‍ ഒരു വര്‍ഷം സംഭവിക്കുന്ന ഒരു ലക്ഷത്തോളം മരണങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ മദ്യപാനവുമായി ബന്ധമുണ്ട്. കാന്‍സര്‍ മൂലമുള്ള 30,000 മരണങ്ങള്‍ക്കും മദ്യത്തിന്റെ ദുരുപയോഗവുമായി ബന്ധമുണ്ട്. കാര്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ ഗ്രൂപ്പ് വണ്‍ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയ വസ്തുവാണ് മദ്യം. മദ്യം മൂലമുള്ള ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം കരള്‍ രോഗമാണ്. 1.4 ലക്ഷം പേരാണ് ഒരു വര്‍ഷം ഇതു മൂലം മരിക്കുന്നത്. കൗമാരക്കാരില്‍ മദ്യപാന ശീലം കൂടിയത് ഗുരുതരമായ പ്രശ്‌നമായും ലോകാര്യോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. 

പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് ദേശീയ തലത്തില്‍ നയം കൊണ്ടുവന്ന പോലെ മദ്യപാനം നിയന്ത്രിക്കാനും ഒരു നയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആരോഗ്യ സംരക്ഷണം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നതിനാല്‍ പലയിടത്തും പല ചട്ടങ്ങളാണ്. നിയമപരമായ മദ്യപാനത്തിന്റെ പ്രായപരിധി മഹാരാഷ്ട്രയില്‍ 25 വയസ്സാണെങ്കില്‍ ഗോവയില്‍ 18 ആണ്. ഇതു മാറ്റി ദേശീയ തലത്തില്‍ ഒരു കേന്ദ്രീകൃത നിയമം കൊണ്ടുവന്ന് മദ്യ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്, മുംബൈ ടാറ്റ മെമോറിയല്‍ ഹോസ്പിറ്റലിലെ കാന്‍സര്‍ വിദഗ്ധന്‍ ഡോ. പങ്കജ് ചതുര്‍വേദി പറയുന്നു.
 

Latest News