Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യൻ സ്‌കൂൾ കെട്ടിടം ഒഴിയണമെന്ന്  ഉടമസ്ഥൻ; സ്‌കൂൾ അധികൃതർ ആശങ്കയിൽ

ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ആൺകുട്ടികളുടെ വിഭാഗം കെട്ടിടവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്നു. കുടിശ്ശിക ഉൾപ്പെടെ വർധിപ്പിച്ച വാടക നൽകിയില്ലെങ്കിൽ കെട്ടിടം ഒഴിയണമെന്ന അന്ത്യശാസനം കെട്ടിട ഉടമ നൽകിയിരിക്കുകയാണ്. ഇതിനനുകൂലമായ കോടതി ഉത്തരവും കെട്ടിട ഉടമ സമ്പാദിച്ചിട്ടുണ്ട്. ഈ കെട്ടിടവുമായി ബന്ധപ്പെട്ട കേസിൽ സ്‌കൂളിന് അടുത്തിടെ 32 മില്യൺ റിയാൽ നഷ്ടപരിഹാരമായി നൽകേണ്ടി വന്നിരുന്നു. എന്നാൽ ഇതുകൊണ്ടും പ്രശ്‌നം അവസാനിക്കാതെ പ്രതിസന്ധി തുടരുകയാണ്. ഇതു പരിഹരിക്കുന്നതിന് സ്‌കൂൾ ഭരണ സമിതിയും പ്രിൻസിപ്പലും ഇല്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഒഴിയേണ്ട സാഹചര്യം ഉണ്ടായാൽ പരിഹാരം എന്തെന്നതിനെക്കുറിച്ച ചർച്ചകളും സജീവമാണ്. പെൺകുട്ടികളുടെ വിഭാഗം കെട്ടിടത്തിലേക്ക് ആൺകുട്ടികളുടെ സ്‌കൂളും മാറ്റി ഷിഫ്റ്റ് ഏർപ്പെടുത്തുകയെന്ന പോം വഴിയാണ് ആലോചിക്കുന്നത്. എന്നാൽ അതുകൊണ്ടുണ്ടാകാവുന്ന പ്രശ്‌നങ്ങൾ ഏറെയാണെന്നും കെട്ടിട വാടകയുമായി ബന്ധപ്പെട്ട പ്രശ്‌നം  എത്രയുംവേഗം പരിഹരിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി എടുക്കുന്നതിന് നാഥനില്ലാത്ത അവസ്ഥയിലാണ് സ്‌കൂൾ. ഭരണ സമിതിയുടെ അഭാവത്താൽ സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളും അവതാളത്തിലാണ്.
ഒരു മുന്നറിയിപ്പുമില്ലാതെ രക്ഷിതാക്കളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ ഓഗസ്റ്റ് ഏഴിനാണ്് പിരിച്ചുവിട്ടത്. ജൂലൈ 30 മുതൽ പ്രിൻസിപ്പൽ സെയ്ദ് മസൂദ് അഹമ്മദിനെ സർവീസിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. പ്രിൻസിപ്പൽ നിയമനം ഉടൻ ഉണ്ടാവുമെന്നും സ്‌കൂൾ ഭരണ ചുമതല നിർവഹിക്കുന്നതിന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയോ, താൽക്കാലിക ഭരണ സമിതിയെ ചുമതപ്പെടുത്തുകയോ ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇതുവരേക്കും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതാണ് സ്‌കൂളിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 
രക്ഷിതാക്കളാൽ തെരഞ്ഞെടുക്കപ്പെട്ട സമിതിയെ മുന്നറിയിപ്പോ, യാതൊരുവിധ കാരണങ്ങളോ ഇല്ലാതെ എംബസിയുടെ നിർദേശാനുസരണം വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടത് നീതീകരിക്കാനാവില്ലെന്നും കമ്മിറ്റിയെ ഉടൻ പുനഃസ്ഥാപിക്കണമെന്നും അഡ്വ. ഷംസുദ്ദീൻ ചെയർമാനായുള്ള മാനേജിംഗ് കമ്മിറ്റിയും രക്ഷിതാക്കളുടെ സംയുക്ത യോഗവും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് എംബസിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വിദേശ മന്ത്രി അടക്കമുള്ളവർക്കും സന്ദേശങ്ങളും നിവേദനങ്ങളും അയച്ചിരുന്നു. എന്നാൽ ഇതുവരേക്കും തീരുമാനങ്ങളൊന്നും ആയിട്ടില്ല. അതിനിടെ മുൻ മാനേജിംഗ് കമ്മിറ്റിയെ ചർച്ചക്കായി എംബസി വിളിപ്പിച്ചിട്ടുണ്ട്. പിരിച്ചുവിട്ട മാനേജിംഗ് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളാണുള്ളത്. 2016 ജൂണിൽ ഏഴുപേരെയാണ് ജനാധിപത്യ രീതിയിൽ നടന്ന കടുത്ത മത്സരത്തിലൂടെ തെരഞ്ഞെടുത്തത്. ഇതിൽ രണ്ടുപേർ രണ്ടു ഘട്ടങ്ങളിലായി സാങ്കേതിക കാരണങ്ങളാൽ രാജിവെച്ചിരുന്നു. 
സ്‌കൂളിനെതിരെ നിലവിൽ രണ്ട് കേസുകളുണ്ട്. ആൺകുട്ടികളുടെ സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട് 1994ൽ ആരംഭിച്ച സിവിൽ കേസിൽ കോടതി ഉത്തരവ് പ്രകാരം 32 മില്യൺ റിയാൽ ഏതാനും മാസം മുമ്പ് സ്‌കൂളിന് നഷ്ടപരിഹാരമായി നൽകേണ്ടി വന്നിരുന്നു. കേസ് നടത്തിപ്പിന് പതിനായിരങ്ങളും ചെലവഴിച്ചിട്ടുണ്ട് ആ കേസിലാണിപ്പോൾ കുടിശ്ശിക അടക്കം വാടക കൂട്ടി നൽകിയില്ലെങ്കിൽ കെട്ടിടം ഒഴിയണമെന്ന വിധി കെട്ടിട ഉടമ സമ്പാദിച്ചിട്ടുള്ളത്. കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകുന്നതിന് മുൻ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത പുതിയ കെട്ടിടവുമായി ബന്ധപ്പെട്ടുള്ളതാണ് മറ്റൊരു കേസ്. ഈ കേസ് ഇപ്പോഴും തുടരുകയാണ്. 

 


 

Latest News