Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുരിതാശ്വാസ വസ്തുക്കൾ ഹൂത്തികൾ കൊള്ളയടിക്കുന്നു 

റിയാദ്- സൗദി അറേബ്യയും മറ്റു രാജ്യങ്ങളും യെമനിലേക്ക് അയക്കുന്ന ദുരിതാശ്വാസ വസ്തുക്കൾ ഹൂത്തികൾ കൊള്ളയടിക്കുന്നതായി കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറൽ ഡോ.അബ്ദുല്ല അൽ റബീഅ പറഞ്ഞു. സഖ്യ രാജ്യങ്ങൾ ഹുദൈദയിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് വിളിച്ചു ചേർത്ത രണ്ടാമത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും റിലീഫ് വസ്തുക്കൾ എത്തിക്കുന്നതിൽ കിംഗ് സൽമാൻ റിലീഫ് സെന്റർ വിജയിച്ചിട്ടുണ്ട്. യെമനിൽ തങ്ങൾ വിജയകരമായി പ്രവർത്തനം തുടരുകയാണ്. ഹൂത്തി മിലീഷ്യകൾ ദുരിതാശ്വാസ വസ്തുക്കൾ കൊള്ളയടിക്കുകയും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. 2015 മുതൽ 2017 വരെയുള്ള കാലത്ത് മാത്രം ദുരിതാശ്വാസ വസ്തുക്കൾ വഹിച്ച 65 കപ്പലുകളും 124 റിലീഫ് വാഹന വ്യൂഹങ്ങളും 628 ട്രക്കുകളും ഹൂത്തികൾ കൊള്ളയടിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. രണ്ടു ലക്ഷം ടണ്ണിലേറെ ഇന്ധനം വഹിച്ച 19 കപ്പലുകൾക്ക് അൽഹുദൈദ തുറമുഖത്ത് പ്രവേശിക്കുന്നതിന് സഖ്യസേന അനുമതി നൽകിയിരുന്നു. എന്നാൽ ഈ കപ്പലുകൾ 26 ദിവസം ഹൂത്തികൾ പിടിച്ചുവെച്ചു. 
അൽഹുദൈദയിൽ കിംഗ് സൽമാൻ റിലീഫ് സെന്റർ 21,000 പാക്കറ്റ് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഇപ്പോൾ വേൾഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് 17.6 ദശലക്ഷം ഡോളറിന്റെ പദ്ധതി നടപ്പാക്കി വരികയാണ്. 
ഒരു കോടി അമേരിക്കൻ ഡോളറിന്റെ ഏതാനും അടിയന്തര റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരുക്കങ്ങളിലാണ് സെന്റർ ഇപ്പോൾ. 
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ അടക്കം അൽഹുദൈദയിൽ എല്ലായിടത്തും ആവശ്യമുള്ള എല്ലാവർക്കും സഹായങ്ങൾ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. യെമൻ ജനതക്ക് സൗദി അറേബ്യ ഇതിനകം 1,100 കോടി ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ട്. യെമനിൽ നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നൽകുന്ന സഖ്യരാജ്യങ്ങൾ മൂന്നു വർഷത്തിനിടെ ആകെ 1,760 കോടി ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ട്. കിംഗ് സൽമാൻ റിലീഫ് സെന്റർ സ്ഥാപിതമായ ശേഷം ഇതുവരെ 160 കോടി ഡോളറിന്റെ 277 റിലീഫ് പദ്ധതികൾ യെമനിൽ നടപ്പാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും അഭ്യർഥനകൾ മാനിച്ച് യെമനിൽ കോളറ നിർമാർജനത്തിന് 66.7 ദശലക്ഷം ഡോളറിന്റെ സഹായം നൽകിയിട്ടുണ്ടെന്നും ഡോ.അബ്ദുല്ല അൽ റബീഅ പറഞ്ഞു. 
ദുരന്ത മേഖലകളിൽ മൈനുകൾ കുഴിച്ചിടുന്ന ഹൂത്തികൾ റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിക്കുകയാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി സുൽത്താൻ അൽശാമിസി പറഞ്ഞു. യെമന് ഇതിനകം 400 കോടി ഡോളറിന്റെ സഹായം യു.എ.ഇ നൽകിയിട്ടുണ്ട്. മൂന്നു മാസത്തിനിടെ അൽഹുദൈദയിൽ മാത്രം എട്ടര കോടി ഡോളറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യു.എ.ഇ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സഖ്യസേനാ കമാണ്ടന്റിനു കീഴിലെ സിവിൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ ഹബാബിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News