Sorry, you need to enable JavaScript to visit this website.

പുതിയ ഐഫോണ്‍ വാങ്ങാനെത്തിയവര്‍ക്ക് ഫ്രീ പവര്‍ബാങ്കുകളും ആപ്‌ളില്ലാത്ത ജ്യൂസും; ഹുവാവെയുടെ ട്രോള്‍

സിങ്കപൂര്‍- ലോകത്തെ ഏറ്റവും മുന്തിയ സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണമുള്ള ആപ്‌ളിന്റെ ഐഫോണിനെ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ഭീമനായ ഹുവാവെ നൈസായി ട്രോളിയ വിധമാണിപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചൂടേറിയ ചര്‍ച്ച. സിങ്കപൂരില്‍ ആപ്പ്ള്‍ സ്‌റ്റോറിനു മുന്നില്‍ പുതിയ ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നീ മോഡലുകള്‍ വാങ്ങാനായി വരിനിന്ന് കാത്തുക്കെട്ടിക്കിടന്ന നൂറുകണക്കിന് ഐഫോണ്‍ പ്രേമികള്‍ക്കാണ് ഹുവാവെ സൗജന്യമായി തങ്ങളുടെ പവര്‍ ബാങ്ക് വിതരണം ചെയ്തത്. 'ഇതാ ഒരു പവര്‍ ബാങ്ക്. നിങ്ങള്‍ക്ക് ആവശ്യം വരും. ഹുവാവെയുടെ സഹായം' എന്നായിരുന്നു പവര്‍ബാങ്കിന്റെ കവറിനു പുറത്ത് എഴുതിയിരുന്നത്.

ഹുവാവെയുടെ ഈ സൗജന്യ വിതരണം ആപിളിന്റെ ബാറ്ററിക്കിട്ട് പണിതതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെ സംസാരം. വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വരെ മികച്ച ബാറ്ററി ബാക്കപ്പ് നല്‍കുമ്പോള്‍ ഐഫോണുകളില്‍ ആപ്ള്‍ ഇപ്പോഴും നല്‍കുന്നത് ശേഷി കുറഞ്ഞ ബാറ്ററികളാണെന്ന് ആക്ഷേപമുണ്ട്. പുതിയ ഐഫോണ്‍ രണ്ടാഴ്ച മുമ്പ് അവതരിപ്പിച്ചപ്പോഴും ബാറ്ററിയെ കുറിച്ച് കാര്യമായൊന്നും ആപ്ള്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ ഐഫോണ്‍ ടെന്‍ എസിലും ടെന്‍ എസ് മാക്‌സിലും യഥാക്രമം 2658, 3174 എംഎഎച്  ശേഷിയുള്ള ബാറ്ററികാളെന്നാണ് ഇപ്പോള്‍ അറിഞ്ഞത്. തുച്ഛമായ വിലയ്ക്ക് വാങ്ങാവുന്ന തരക്കേടില്ലാത്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പോലും 5000 എംഎഎച് വരെ ശേഷിയുള്ള ബാറ്ററികള്‍ മറ്റു കമ്പനികള്‍ നല്‍കുമ്പോഴാണ് ആപ്‌ളിന്റെ ഈ പിശുക്ക് എന്നോര്‍ക്കണം. ബാറ്ററി ശേഷി കൂട്ടുന്നതിനു പകരം ആപ്ള്‍ ചെയ്യുന്നത് ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ബാറ്ററി ഉപയോഗം കുറക്കുന്ന രീതിയാണ്.

പച്ചമുറിയില്‍ ഉപ്പു തേച്ച പോലെ ആപ്‌ളിന്റെ ശേഷി കുറഞ്ഞ ബാറ്ററിയെ ട്രോളിയാണ് ഹുവാവെ 10,000 എംഎഎച് ശേഷിയുള്ള പവര്‍ ബാങ്ക് ഐഫോണ്‍ ഫാന്‍സിനു വെറുതെ കൊടുത്തത്. കടുത്ത കാലാവസ്ഥയില്‍ നിന്നും മടുപ്പിക്കുന്ന കാത്തിരിപ്പില്‍ നിന്നും ഒരാശ്വാസമായാണ് പവര്‍ ബാങ്കുകള്‍ കൊടുത്തതെന്നാണ് ഹുവാവെ ഔദ്യോഗികമായി ഈ സൗജന്യ വിതരണത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ 'നിങ്ങള്‍ക്ക് ആവശ്യം വരും'  എന്ന വാചകം അച്ചടിച്ച കവറിലിട്ട് പവര്‍ ബാങ്ക് നല്‍കിയ ഹുവാവെയുടെ ഉള്ളിലിരിപ്പ് ഈ കവര്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.

ലണ്ടനില്‍ ആപ്ള്‍ സ്റ്റോറുകള്‍ക്കു മുമ്പില്‍ ഹുവാവെ മറ്റൊരു സ്റ്റണ്ടാണ് പുറത്തെടുത്തത്. ട്രോളിയത് ആപ്‌ളിന്റെ ബാറ്ററിയെ തന്നെ. ആപ്‌ളിന്റെ അംശങ്ങളൊന്നും അടങ്ങിയിട്ടില്ലാത്ത ജ്യൂസ് എന്ന പേരിലാണ് ലണ്ടനില്‍ ഹുവാവെ വാനുകളില്‍ ജ്യൂസ് വിതരണം നടത്തിയത്. ദൈര്‍ഘ്യം ലഭിക്കുന്ന ജ്യൂസ് കുടിക്കൂ എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ച സംഘമാണ് വാനിലെത്തി ജ്യൂസ് വിതരണം നടത്തിയത്. ആപ്‌ളിന്റെ ബാറ്ററിയെ ആണ് ഉദ്ദേശിക്കുന്നതെന്ന് തോന്നിപ്പിക്കുമാണ് ബാറ്ററിയുടേയും ആപ്‌ളിന്റെയും ചിത്രവും ജൂസ് വിതരണ വാനില്‍ പതിച്ചിട്ടുണ്ടായിരുന്നു.

 ആപ്‌ളിനു തൊട്ടുപിറകെ ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്‌ഫോണ്‍ വിറ്റഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായി ഈ മാസം ആദ്യമാണ് ഹുവാവെ കുതിച്ചു കയറിയത്. ഇതോടെ ആപ്‌ളുമായുള്ള ഏറ്റുമുട്ടല്‍ ഹുവാവെ സ്റ്റണ്ടുകളിലൂടെ കുടൂതല്‍ അഗ്രസീവ് ആക്കിയിരിക്കുകയാണ്. 

Latest News