ബിഷപ് ഫ്രാങ്കോയെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം- കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കന്യാസ്ത്രീ പീഡനത്തിനിരയായെന്നു ബോധ്യപ്പെട്ടതായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണമെന്നും ബിഷപ് അധികാരമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് ബോധിപ്പിച്ചിരുന്നു. ഭീഷണി കാരണമാണു കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണു പരാതി നല്‍കാന്‍ കന്യാസ്ത്രീ തയാറായത്. ബിഷപ്പിനെ ലൈംഗികശേഷി പരിശോധനയ്ക്കു വിധേയമാക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 -2016 കാലയളവില്‍ 13 തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണു കന്യാസ്ത്രീയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തത്.
കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ചികിത്സാ രേഖകള്‍ ശേഖരിച്ചതിനുശേഷം ഉച്ചയോടെയാണ് കോടതിയിലെത്തിച്ചത്.  രക്ത, ഉമിനീര്‍ സാംപിളുകള്‍ പോലീസ് ബലമായി ശേഖരിച്ചെന്ന് ജാമ്യാപേക്ഷയില്‍ പരാതിപ്പെട്ടിരുന്നു

 

Latest News