ബിഷപിനു ആരോഗ്യപ്രശ്‌നങ്ങളില്ല, ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യത്തിനു ശ്രമം തുടങ്ങി

കോട്ടയം- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. അറസ്റ്റ് ചെയ്ത ശേഷം കൊച്ചിയില്‍ നിന്ന് കൊണ്ടു വരുന്നതിനിടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വിദഗ്ധ പരിശോധന നടത്തി. ഹൃദയാഘാത സാധ്യതയും പരിശോധിച്ചു. തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ ശനിയാഴ്ച രാവിലെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അറസ്റ്റിനു ശേഷം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ബിഷപിന് രക്തസമ്മര്‍ദ്ദം കൂടിയതായി കണ്ടിരുന്നു. തുടര്‍ന്ന് ഇ.സി.ജിയും എടുത്തു. ഇതിലും നേരിയ വ്യതിയാനം ഉണ്ടായിരുന്നു. തുടര്‍ന്ന് കുറച്ചു സമയം വിശ്രമം അനുവദിച്ചു. പിന്നീട് കോട്ടയത്തേക്ക് പോകുന്നവഴിക്കാണ്് തനിക്ക് നെഞ്ചുവേദനയുണ്ടെന്ന് ബിഷപ് അറിയിച്ചത്. 

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ബിഷപിനെ ഉച്ചയ്ക്കു മുമ്പ് തന്നെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബിഷപിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും. ഇന്നു തന്നെ ജാമ്യം തേടി ബിഷപ് കോടതിയില്‍ ഹര്‍ജി നല്‍കും.
 

Latest News