Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേശീയ ദിനാഘോഷത്തിന് രാജ്യമൊരുങ്ങി

ഹരിതപ്രഭയിൽ കുളിച്ച റിയാദ് നഗരത്തിൽനിന്നുള്ള ദൃശ്യം.

റിയാദ് - ദേശാഭിമാനം വാനോളമുയർത്തി എൺപത്തിയെട്ടാമത് ദേശീയദിനാഘോഷം അവിസ്മരണീയമാക്കാൻ സൗദി അറേബ്യ ഒരുങ്ങി. നാളെയാണ് ദേശീയദിനം. ചരിത്ര സ്മരണകൾ ഓർമയിൽ അലയടിക്കുന്ന ദേശീയദിനത്തിന്റെ ആഘോഷത്തിമർപ്പിലാണ് രാജ്യമെങ്ങും. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് പൊതുഅവധിയായത് ദേശീയദിനാഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകുകയും ആഘോഷ പരിപാടികളിലെ ജനപങ്കാളിത്തം ഉയർത്തുകയും ചെയ്യും.  
തെരുവുകളും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഹരിത പതാകകളാലും തോരണങ്ങളാലും സ്റ്റിക്കറുകളാലും അലംകൃതമാണ്. കെട്ടിടങ്ങളുടെ മുൻവശങ്ങളിലും റോഡുകളിലെ ബിൽബോർഡുകളിലും ഭരണാധികാരികളുടെ ഫോട്ടോകൾ ഉയർത്തി. 
വിളക്കുകാലുകളിലും മേൽപാലങ്ങളിലും ആയിരക്കണക്കിന് ഹരിത പതാകകൾ പാറിക്കളിക്കുന്നു. റിയാദിൽ മാത്രം അയ്യായിരത്തിലേറെ പതാകകൾ സ്ഥാപിച്ചിട്ടുണ്ട്. 60 കൂറ്റൻ ബലൂണുകളും നഗരസഭ ഉയർത്തി. ദേശീയതാ സന്ദേശം ഉയർത്തുന്ന 1,191 ശിൽപങ്ങളും ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പന്ത്രണ്ടു ഗവൺമെന്റ് കെട്ടിട സമുച്ചയങ്ങളും റിയാദ് നഗരസഭ ഹരിത വർണത്താൽ അലങ്കരിച്ചു. തലസ്ഥാന നഗരിയിലെ പന്ത്രണ്ടു റോഡുകളും വർണപ്രഭയിൽ കുളിച്ചുനിൽക്കുന്നു. 
ദേശീയദിനത്തോടനുബന്ധിച്ച് സൗദിയിലെ നഗരങ്ങളിൽ നടക്കുന്ന പരിപാടികൾ അറിയുന്നതിന് സഹായിക്കുന്ന ആപ്പും റിയാദ് നഗരസഭ പുറത്തിറക്കി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സന്ദേശങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
വിവിധ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും സംഗീത വിരുന്നുകളും കരിമരുന്ന് പ്രയോഗങ്ങളും ലേസർ പ്രദർശനങ്ങളും സാംസ്‌കാരിക, കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും മാളുകളും വാഹനങ്ങളും ഹരിതമയമായിരിക്കുകയാണ്. പ്രമുഖ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. രക്തദാന കാമ്പയിന് ദിവസങ്ങൾക്കു മുമ്പ് തുടക്കം കുറിച്ചിരുന്നു. 
ദേശീയദിനാഘോഷ പരിപാടികളുടെ റിപ്പോർട്ടിംഗിന് റിയാദിൽ മീഡിയ സെന്റർ വകുപ്പ് മന്ത്രി ഡോ. അവാദ് അൽഅവാദ് ഉദ്ഘാടനം ചെയ്തു. സൗദി പരമ്പരാഗത നൃത്ത ശിൽപമായ അർദ, ദേശീയഗാനം, സൗദി പതാക എന്നിവയെയും സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിനെയും കുറിച്ച ഡോക്യുമെന്ററികളും സംപ്രേഷണം ചെയ്യും. 
റിയാദ്, ജിദ്ദ, ദമാം, മദീന അടക്കമുള്ള പ്രധാന നഗരങ്ങളിൽ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇരുപത്തിനാലു പരിപാടികൾ സൗദി ചാനൽ സംപ്രേഷണം ചെയ്യും. 
റിയാദിലെ പ്രധാന ആതുരാലയമായ കിംഗ് സൗദ് മെഡിക്കൽ സിറ്റി ഹരിതവർണമണിഞ്ഞിട്ടുണ്ട്. ദേശീയദിനാഘോഷം പ്രമാണിച്ച് മൂന്നു ദിവസം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ ആശുപത്രിയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്നും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിന് വൈകിട്ട് നാലു മുതൽ ആറു വരെ അനുവദിക്കുമെന്നും കിംഗ് സൗദ് മെഡിക്കൽ സിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ജനറൽ ഡോ. ഹൈഥം അൽഫലാഹ് അറിയിച്ചു. 

 

Latest News