Sorry, you need to enable JavaScript to visit this website.

തെളിവുകൾ നിരത്തി ബിഷപ്പിനെ പോലീസ് പൂട്ടി

അറസ്റ്റിന് ശേഷം വൈദ്യ പരിശോധനക്കായി ബിഷപ്പ് ഫ്രാങ്കോയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

കൊച്ചി- പോലീസ് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ ചോദ്യം ചെയ്യലിൽ ഫ്രാങ്കോ മുളയ്ക്കലിന് പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താൻ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിച്ചു. എന്നാൽ, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദർശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയിൽ എത്തിയില്ലെന്ന് വ്യക്തമാക്കുന്ന ടവർ ലൊക്കേഷൻ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചു.
പല ചോദ്യങ്ങൾക്കും മുമ്പിൽ കൃത്യമായ മറുപടിയില്ലാതെ ബിഷപ് നിസ്സഹായനായി. കന്യാസ്ത്രീയുടെ സഹോദരിയുടെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ബിഷപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ആദ്യമായി പീഡനം നടന്നുവെന്ന് പറയുന്ന ഈ ദിവസത്തെ ദൃശ്യങ്ങളിൽ കന്യാസ്ത്രീ സന്തോഷവതിയായിരുന്നുവെന്ന് കാണിക്കുന്നതിനാണ് ബിഷപ്പ് ഈ ദൃശ്യങ്ങൾ നൽകിയത്. എന്നാൽ ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കന്യാസ്ത്രീ അന്നേ ദിവസം കടുത്ത മനോവ്യഥയിലാണെന്നാണ് പോലീസിന്റെ പക്കലുള്ള ദൃശ്യങ്ങളും ഫോട്ടോഗ്രാഫറുടെ മൊഴിയും വ്യക്തമാക്കുന്നത്. 
എന്നാൽ ആവർത്തിച്ച് ചോദ്യംചെയ്തിട്ടും കുറ്റസമ്മതം നടത്താൻ ബിഷപ്പ് ഫ്രാങ്കോ തയാറായില്ലെന്നാണ് അറിയുന്നത്. ബിഷപ്പിന്റെ വാദങ്ങൾ തെളിവുകൾ നിരത്തി അന്വേഷണ സംഘം ഖണ്ഡിച്ചപ്പോഴൊക്കെ മൗനം കൊണ്ടാണ് ബിഷപ്പ് പ്രതിരോധിച്ചത്. 
2016 സെപ്റ്റംബറിലാണ് ലൈംഗികാതിക്രമത്തെ കന്യാസ്ത്രീ ചെറുത്തത്. 13 തവണകളായി നടന്ന ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ധ്യാനകേന്ദ്രത്തിലെ വൈദികൻ ഉപദേശിക്കുകയായിരുന്നു.
എതിർത്തതോടെ ബിഷപ്പ് സ്ഥാനം ഉപയോഗിച്ച് പ്രതികാര നടപടികളും അപവാദ പ്രചാരണങ്ങളും ആരംഭിച്ചു. സഭക്കുള്ളിൽ കന്യാസ്ത്രീ നൽകിയ പരാതികൾക്ക് ഫലമുണ്ടായില്ല. അതോടെ ബിഷപ്പിന്റെ പ്രതികാരം വർധിച്ചു. 
പോലീസിൽ പരാതിയുമായി പോയാലോ എന്നു ഭയന്ന് കന്യാസ്ത്രീയുടെ ഏക സഹോദരൻ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയുമായി ഫ്രാങ്കോയാണ് ആദ്യം പൊലീസിനെ സമീപിച്ചത്. അപ്പോഴാണ് കന്യാസ്ത്രീ ബലാത്സംഗ വിവരങ്ങൾ പോലീസിനെ അറിയിച്ചത്.
തെളിവുകൾ ഏറെയില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവ കണ്ടെത്താൻ തികച്ചും ശാസ്ത്രീയമായ മാർഗങ്ങളാണ് പോലീസ് ഉപയോഗിച്ചത്. മൂന്നു വർഷം മുൻപ് നടന്ന സംഭവങ്ങളിലെ സാക്ഷികളെയെല്ലാം ബിഷപ്പ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് ഏറെ സമയമെടുത്തത്. 
പ്രളയത്തെത്തുടർന്ന് കുറച്ചു നാൾ അന്വേഷണം മരവിച്ചു. ഈ ഘട്ടത്തിലാണ് കാത്തലിക് മത നവീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചതും ഈ സമരത്തിൽ കന്യാസ്ത്രീകൾ പങ്കെടുത്തതും. 

 

Latest News