ന്യൂദല്‍ഹി- ദേശീയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ ഡയറക്ടര്‍മാര്‍ തമ്മിലുള്ള പോര് സംബന്ധിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി) അന്വേഷണം തുടങ്ങി. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരേ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന നല്‍കിയ പരാതിയിലാണ് അന്വേഷണം. ആദ്യമായാണ് സിബിഐയുടെ തലപ്പത്തുള്ളവര്‍ തമ്മിലടി ഉണ്ടാകുന്നതും അത് വിജിലന്‍സ് കമ്മീഷന്റെ അന്വേഷണത്തിലെത്തിയിരിക്കുന്നതും.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് സി.വി.സി അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സി.വി.സി കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാകേഷ് അസ്താനയുടെ പരാതിയില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമേ തുടര്‍ നടപടികളിലേക്കു കടക്കുകയുള്ളൂവെന്ന് സി.വി.സി അധികൃതര്‍ വെളിപ്പെടുത്തുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.ബി.ഐ മേധാവി അലോക് വര്‍മ അടിസ്ഥാനമില്ലാത്തതും വേണ്ടത്ര പരിശോധനയില്ലാത്ത വിവരങ്ങളുമായി തന്റെ അന്വേഷണത്തില്‍ ഇടപെടുകയും പദവിയെ അവഹേളിക്കുകയും ചെയ്യുന്നെന്നാണ് അസ്താനയുടെ പരാതി. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച റെയ്ഡിനിടെ ഇടപെട്ട് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളും അസ്താന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അസ്താനയുടെ ആരോപണങ്ങള്‍ അലോക് വര്‍മക്കെതിരേ മെനഞ്ഞുണ്ടാക്കിയതാണെന്നും നുണകളുടെ കൂമ്പാരമാണെന്നും സി.ബി.ഐ ഡയറക്ടറുമായി അടുത്തയാളുകള്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ അലോക് വര്‍മ തയാറായിട്ടില്ല.






