റിയാദ് - സൗദിയിലെ പാഠപുസ്തകങ്ങള്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ആശയങ്ങളില്‍നിന്ന് മുക്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അല്‍ഈസ പറഞ്ഞു. പാഠപുസ്തക പരിഷ്‌കരണ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ചില സ്‌കൂളുകളില്‍ സംഘടിപ്പിച്ചിരുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വഴിയും ബ്രദര്‍ഹുഡ് ആശയങ്ങളില്‍ ആകൃഷ്ടരായ ചില അധ്യാപകര്‍ വഴിയുമാണ് തീവ്രവാദ ആശയം വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നത്. പാഠ്യപദ്ധതികള്‍ പൊതുവില്‍ ബ്രദര്‍ഹുഡ് ആശയങ്ങളില്‍ നിന്ന് മുക്തമായിരുന്നു. പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങള്‍ പുനഃപരിശോധിക്കുന്നതിന് സംഘടിപ്പിച്ച ഒരു ശില്‍പശാലയിലും തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ കണ്ടെത്തിയിട്ടില്ല. സൗദി അറേബ്യയുടെ വിദ്യാഭ്യാസ നയത്തിന് വലിയ ഒരു അളവോളം അനുസൃതമാണ് രാജ്യത്തെ പാഠപുസ്തകങ്ങള്‍. സൗദി അറേബ്യയുടെ മൂല്യങ്ങളും സൗദി സമൂഹത്തിന്റെ മൂല്യങ്ങളും പാഠ്യപദ്ധതികള്‍ പ്രതിഫലിപ്പിക്കണമെന്ന് രാജ്യം ആഗ്രഹിക്കുന്നു. പഴയ പാഠപുസ്തകങ്ങളിലോ നിലവിലെ പാഠപുസ്തകങ്ങളിലെ ബ്രദര്‍ഹുഡ് ആശയങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
താന്‍ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതു മുതല്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും പരിഗണനയുമാണ് നല്‍കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു പാഠപുസ്തകത്തില്‍ രാജ്യം പിന്തുടരുന്ന മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഫോട്ടോ ഉള്‍പ്പെുത്തിയതായി ശ്രദ്ധയില്‍ പെട്ടിരുന്നു. പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതില്‍ അക്കാലത്ത് ചില വീഴ്ചകളുണ്ടായിരുന്നു. മതിയായ സൂക്ഷ്മ പരിശോധന കൂടാതെയാണ് ഈ ഫോട്ടോ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിന് തെരഞ്ഞെടുത്തത്. സംഭവം ശ്രദ്ധയില്‍ പെട്ടയുടന്‍ പുസ്തകം പിന്‍വലിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ പാഠ്യപദ്ധതി വിഭാഗം പൂര്‍ണമായും അടച്ചുപൂട്ടി. പകരം പാഠപുസ്തക പരിഷ്‌കരണവും അച്ചടിയും തത്‌വീര്‍ എജ്യുക്കേഷനല്‍ സര്‍വീസസ് കമ്പനിയെ ഏല്‍പിച്ചു. ക്രമാനുഗതമായി പാഠപുസ്തകങ്ങള്‍ ഇല്ലാതാക്കി ഇലക്‌ട്രോണിക് ഉറവിടങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് അറിവ് ലഭ്യമാക്കുന്നതിനാണ് ആഗ്രഹിക്കുന്നത്.
എഴുത്തും വായനയും പരിശീലിക്കുന്നതിനുള്ള പുസ്തകങ്ങള്‍ ഒഴികെയുള്ള പാഠപുസ്തകങ്ങളുടെ അച്ചടി 2020 ല്‍ നിര്‍ത്തിവെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥിയും അധ്യാപകനും പാഠപുസ്തകങ്ങളെ മാത്രം അവലംബിക്കുന്നത് വിദ്യാഭ്യാസ പ്രക്രിയയിലെ തകരാറാണ് സൂചിപ്പിക്കുന്നത്. ആക്ടിവിറ്റി ബുക് അച്ചടി ഈ വര്‍ഷം നിര്‍ത്തിവെച്ചിട്ടുണ്ട്. സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന് തുടങ്ങിയതിലൂടെ പുസ്ത അച്ചടിക്കുള്ള ചെലവ് കുറക്കുന്നതിന് സാധിച്ചിട്ടുണ്ട്. നേരത്തെ പുസ്തക അച്ചടിക്ക് പ്രതിവര്‍ഷം 46 കോടി റിയാല്‍ ചെലവഴിച്ചിരുന്നെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അല്‍ഈസ പറഞ്ഞു.