ജിദ്ദ - സിഗരറ്റ്, പുകയില വില്‍പനയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി ദേശീയ പുകയില നിയന്ത്രണ കമ്മിറ്റി അറിയിച്ചു. ജിദ്ദ നഗരസഭയുമായും ലേബര്‍ ഓഫീസുമായും സഹകരിച്ച് ദേശീയ പുകയില നിയന്ത്രണ കമ്മിറ്റി കഴിഞ്ഞയാഴ്ച ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സിഗരറ്റ്, പുകയില വില്‍പനയുമായി ബന്ധപ്പെട്ട 40 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് ആകെ രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. ജിദ്ദയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും മിനിമാര്‍ക്കറ്റുകളും അടക്കം 95 സ്ഥാപനങ്ങളിലാണ് കഴിഞ്ഞയാഴ്ച വിവിധ വകുപ്പുകള്‍ സഹകരിച്ച് പരിശോധനകള്‍ നടത്തിയത്. ഇതില്‍ ഒരു സ്ഥാപനം അടപ്പിച്ചു. നിയമ ലംഘനം ആവര്‍ത്തിക്കില്ല എന്നതിന് 76 സ്ഥാപന ഉടമകളില്‍ നിന്ന് രേഖാമൂലം ഉറപ്പുവാങ്ങി. റെയ്ഡുകള്‍ക്കിടെ ഹുക്കയില്‍ ഉപയോഗിക്കുന്ന 483 കിലോ പുകയില പിടിച്ചെടുത്ത് നശിപ്പിച്ചു.
ഹുക്കയില്‍ ഉപയോഗിക്കുന്ന പുകയില 500 ഗ്രാമില്‍ കുറഞ്ഞ തൂക്കത്തില്‍ വില്‍പന നടത്തല്‍, ഇലക്‌ട്രോണിക് ഹുക്കകള്‍, കാഷ്യര്‍ക്കു പിന്നില്‍ സിഗരറ്റുകള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കല്‍, 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കല്‍, ഹുക്ക പുകയില ലൂസ് ആയി തൂക്കി വില്‍പന നടത്തല്‍ എന്നീ നിയമ ലംഘനങ്ങളാണ് വ്യാപാര സ്ഥാപനങ്ങളില്‍ കണ്ടെത്തിയത്.