Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവജനങ്ങളെയും വനിതകളെയും  തഴഞ്ഞ കെ.പി.സി.സി നേതൃത്വം 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പ്രഖ്യാപിക്കാൻ ഹൈക്കമാന്റ് തയ്യാറായത്. മാസങ്ങളോളം നീണ്ട ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. കോൺഗ്രസിനെ പോലുള്ള ഒരു പാർട്ടിയിൽ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഭാരവാഹികളെ പ്രഖ്യാപിക്കുക എളുപ്പമല്ല. അർഹതയും യോഗ്യതയുമുള്ളവർ നിരവധിയാണ്. ഗ്രൂപ്പ് താൽപര്യങ്ങളും സാമുദായിക താൽപര്യങ്ങളും സംരക്ഷിക്കണം. മുമ്പൊക്കെ വോട്ടെടുപ്പിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കാറുണ്ട്. 
എ.കെ. ആന്റണിയും വയലാർ രവിയും കെ.പി.സി.സി പ്രസിഡന്റാകൻ മത്സരിച്ചപ്പോൾ പൊതുതെരഞ്ഞെടുപ്പിന്റെ ആവേശമായിരുന്നു കേരളം കണ്ടത്. എന്നാൽ രണ്ടു ഗ്രൂപ്പുകൾ നാലായി മാറുകയും ആരോഗ്യകരമായ ഗ്രൂപ്പിസം മാറി പാർട്ടിയെ തകർക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തപ്പോൾ തീരുമാനിക്കാനുള്ള അവകാശം പൂർണമായും ഹൈക്കമാന്റ് ഏറ്റൈടുക്കുകയായിരുന്നു. എന്നാലതും പലപ്പോഴും വിവാദങ്ങളായി മാറിയിരുന്നു. ഹൈക്കമാന്റ് പ്രഖ്യാപിച്ച വി.എം. സുധീരനെ ഇരു ഗ്രൂപ്പുകളും ചേർന്ന് പുകച്ചു പുറത്തു ചാടിച്ചത് സമീപകാല സംഭവമാണല്ലോ.
എന്തായാലും ഇപ്പോൾ സാഹചര്യം കുറെയൊക്കെ മാറിയെന്നു പറയാം. ഗ്രൂപ്പുകൾ ഏറെക്കുറെ രണ്ടായി ചുരുങ്ങി. അതിനേക്കാളേറെ രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയും കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും കോൺഗ്രസ് നേതാക്കളെ ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പാർട്ടിയേക്കാൾ താൽപര്യം മറ്റു താൽപര്യങ്ങൾക്കു നൽകിയാൽ അധികം താമസിയാതെ കേരളത്തിൽ തങ്ങൾ മൂന്നാം സ്ഥാനത്താവും എന്ന് നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. അഖിലേന്ത്യാതലത്തിൽ തന്നെ ഇപ്പോൾ കോൺഗ്രസിനു സാമാന്യം ശക്തിയുള്ള അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പകുതി സീറ്റുകളിലെങ്കിലും കോൺഗ്രസ് വിജയിക്കണെമെന്നാണ് ഹൈക്കമാന്റിന്റെ ശാസന. അഖിലേന്ത്യാതലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഛായ തിരിച്ചുപിടിക്കാൻ പാർട്ടിക്കാവുന്നുണ്ടെന്നതും നേതാക്കൾ കാണുന്നു. മറ്റു പാർട്ടികളെയും കൂടെ കൊണ്ടുവരാൻ രാഹുലിനാവുന്നുണ്ട്. ഈ സാഹചര്യത്തിൽ മറ്റെല്ലാ താൽപര്യങ്ങളേക്കാളും പാർട്ടിയുടെ താൽപര്യത്തിനു പ്രാധാന്യം നൽകാൻ മിക്കവാറും നേതാക്കളൊക്കെ തയ്യാറായിട്ടുണ്ട്. 
മറുവശത്ത് കേരളത്തിലെ പ്രത്യേക സാഹചര്യം തിരിച്ചറിഞ്ഞ് പരമാവധി എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളിക്കുന്ന സമീപനമാണ് ഹൈക്കമാന്റ് സ്വീകരിച്ചിരിക്കുന്നത് എന്നു വ്യക്തം. സ്വാഭാവികമായും എ.കെ. ആന്റണി ഇക്കാര്യത്തിൽ നിർണായക പങ്കു വഹിച്ചിരിക്കണം. ഗ്രൂപ്പ് താൽപര്യങ്ങളും സാമുദായിക താൽപര്യങ്ങളും ഏറെക്കുറെ സംരക്ഷിക്കാൻ ഈ പ്രഖ്യാപനത്തിലൂടെ സാധ്യമായിട്ടുണ്ടെന്നു പറയാം. അതിനായി മൂന്നു വർക്കിംഗ് പ്രസിഡന്റുമാരെ പുതുതായി നിയമിക്കാൻ പോലും ഹൈക്കമാന്റ് തയ്യാറായി. ഇരു വിഭാഗങ്ങൾക്കും മിക്കവാറും നേതാക്കൾക്കും സമ്മതനാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളിയും സുധാകരനും നേതൃസ്ഥാനത്തെത്തിയതോടെ ഈഴവ വിഭാഗത്തിന്റെ പിന്തുണ ആർജിക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കൊടിക്കുന്നിലിലൂടെ ദളിത് വിഭാഗത്തിനും നേതൃനിരയിൽ പ്രാതിനിധ്യമായി. നായർ വിഭാഗത്തിൽനിന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തുണ്ട്. കെ.എം. മാണിയെ യു.ഡി.എഫിലേക്കു തിരിച്ചെത്തിച്ചതിനു പിന്നാലെ ബെന്നി ബെഹ്‌നാൻ യു.ഡി.എഫ് കൺവീനറാകുന്നതോടെ ക്രിസ്ത്യൻ പിന്തുണ തിരിച്ചുകിട്ടുമെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. ബെന്നി യു.ഡി.എഫ് കൺവീനറാകുന്നതോടെ എ ഗ്രൂപ്പിന്റെ സഹകരണം ശക്തിപ്പെടും. കണ്ണൂരിൽനിന്നുള്ള സുധാകരൻ വർക്കിങ് പ്രസിഡന്റായതോടെ അവിടെ സി.പി.എമ്മിനെ പ്രതിരോധിക്കാൻ കഴിയുമെന്നും നേതൃത്വം കരുതുന്നു. 
സംഘ്പരിവാറിനെതിരെ ശക്തമായ നിലപാടുള്ള കെ. മുരളീധരന് തെരഞ്ഞെടുപ്പു ചുമതല നൽകിയതോടെ ബി.ജെ.പിയുമായി രഹസ്യ ബന്ധമെന്ന ആരോപണത്തിന്റെ മുനയൊടിക്കാനാകും. ശക്തമായ സംഘപരിവാർ വിരുദ്ധ നിലപാടുള്ള എം.ഐ. ഷാനവാസിനെ കൊണ്ടുവരുന്നതിലൂടെ അസംബ്ലി തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മുസ്‌ലിം വോട്ടുകൾ തിരിച്ചുപിടിക്കാനാകുമെന്നും ഹൈക്കമാന്റ് പ്രതീക്ഷിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കണമെന്ന നിബന്ധന ഹൈക്കമാൻഡ് മുന്നോട്ടു വെച്ചിട്ടുണ്ട്. പരാജയം ഇളക്കിപ്രതിഷ്ഠയ്ക്കു വഴിയൊരുക്കിയേക്കാം.
കോൺഗ്രസായതിനാൽ തീർച്ചയായും തർക്കങ്ങൾ സ്വാഭാവികം. പ്രസിഡന്റാകാൻ ഏറ്റവുമധികം ആഗ്രഹിച്ചിരുന്ന കെ. സുധാകരൻ സന്തോഷവാനല്ല. കണ്ണൂരിൽ സി.പി.എമ്മിനോട് കട്ടയ്ക്കു കട്ട നിൽക്കാൻ സുധാകരനെപ്പോലൊരാൾ നേതൃത്വത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ പാർട്ടിയിലുണ്ട്. 
എന്നാൽ കോൺഗ്രസിന്റെ പ്രവർത്തന ശൈലി ബി.ജെ.പിയുടേയോ സി.പി.എമ്മിന്റേതോ അല്ല എന്നാണിവർ തിരിച്ചറിയാത്തത്. അത്തരത്തിലുള്ള കേഡർ പാർട്ടിയല്ല കോൺഗ്രസ്. ആകാൻ പാടില്ല. അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം നൽകിയിട്ടുണ്ടുതാനും. 
സംഗതി ഇതൊക്കെയാണെങ്കിലും യുവജനങ്ങളോടും സ്ത്രീകളോടും കടുത്ത തെറ്റാണ് ഹൈക്കമാന്റ് ചെയ്തിരിക്കുന്നതെന്നു പറയാതെ വയ്യ. ദളിതുകളോടും മുസ്‌ലിം വിഭാഗങ്ങളോടുമെന്ന പോലെ യുവജനങ്ങളോടും സ്ത്രീകളോടും വളരെ ഗുണാത്മക സമീപനമാണ് പൊതുവിൽ രാഹുൽ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും പ്രസിഡന്റുമാർ യുവജനങ്ങളാണ്. മറ്റു പാർട്ടികളിലെയും യുവജനനേതാക്കളുമായി രാഹുൽ നല്ല ബന്ധത്തിലുമാണ്. സ്ത്രീകളെയും നേതൃത്വത്തിലേക്കു കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ കേരളത്തിൽ നടപ്പായില്ല. പ്രഖ്യാപിക്കപ്പെട്ടവരെല്ലാം രാഹുലിനേക്കാൾ പ്രായം കൂടിയവരാണ്. 
വി.ഡി. സതീശൻ മുതൽ വി.ടി. ബൽറാം വരെയുള്ളവരുടെ പേരുകളൊന്നും പരിഗണിക്കപ്പെട്ടില്ല. മറുവശത്ത് ഷാനിമോൾ ഉസ്മാനെ പോലുള്ള ഒരാളെയും പരിഗണിച്ചില്ല. തീർച്ചയായും രാഹുൽ അതിനായി ശ്രമിച്ചിരിക്കണം. എന്നാൽ ഇവിടുത്തെ മർക്കട മുഷ്ടിക്കാരും വലിയ പാരമ്പര്യം പറയുന്നവരുമായ നേതാക്കൾക്കു മുന്നിൽ അദ്ദേഹത്തിനു മുട്ടു കുത്തേണ്ടിവന്നു എന്നു തന്നെ കരുതാം. എന്നാൽ അതു പാടില്ലായിരുന്നു. 
ദളിത് - ന്യൂനപക്ഷ മുഖം പോലെ തന്നെ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാനമാണ് യുവജന - സ്‌ത്രൈണ മുഖവും. അതു തീരെ മനസ്സിലാക്കാത്തവരാണ് കേരളത്തിലെ പാർട്ടി നേതാക്കൾ. അതിനു മുന്നിൽ മുട്ടുകുത്തിയ ഹൈക്കമാന്റ് നടപടി കോൺഗ്രസിൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ നിരാശരാക്കുന്നു. ആസന്നമായ തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന പ്രകടനത്തിന് ഈ സമീപനം തടസ്സമാകുെമന്നതിലും സംശയമില്ല.

Latest News