യൂണിവേഴ്‌സിറ്റികളില്‍ മിന്നലാക്രമണ വാര്‍ഷികം ആഘോഷിക്കണമെന്ന യുജിസി സര്‍ക്കുലര്‍ വിവാദത്തില്‍

ന്യൂദല്‍ഹി- പാക്കിസ്ഥാനെതിരെ 2016ല്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ഷിക വിപുലമായ പരിപാടികളോടെ ആഘോഷിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി) രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍ക്കയച്ച് സര്‍ക്കുലര്‍ വിവാദമായി. രണ്ടു ദിവസം മുമ്പ് അയച്ച സര്‍ക്കുലര്‍ ഇന്നാണ് പുറത്തു വന്നത്. ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി 2016 സെപ്തംബര്‍ 29നാണ് ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയത്. ഇതിന്റെ വാര്‍ഷികം പ്രത്യേക പരേഡുകള്‍ സംഘടിപ്പിച്ചും കരസേനയെ പിന്തുണച്ച് പ്രതിജ്ഞയെടുത്തും മുന്‍സൈനികരെ പങ്കെടുപ്പിച്ചും വിപുലമായി ആഘോഷിക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതു ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതു ബോധവല്‍ക്കരമാണോ അതോ ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടത്തിനാണോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. മിന്നല്‍ നോട്ടു നിരോധനം നടപ്പിലാക്കി പാവങ്ങളുടെ ജീവനോപാധികള്‍ മുടക്കിയതും 2016ലായിരുന്നു. നവംബര്‍ എട്ടിനു പാവങ്ങള്‍ക്കു മേലുള്ള മിന്നലാക്രമണ ദിവസമായി ആചരിക്കാന്‍ യു.ജി.സി സര്‍ക്കുലര്‍ ഇറക്കുമോ എന്നും സിബല്‍ ചോദിച്ചു. ബംഗാള്‍ സര്‍ക്കാരും ഇതിനെതിരെ രംഗത്തു വന്നു. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമാണിതെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വിമര്‍ശിച്ചു. 

വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മറുപടിയുമായി കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറും രംഗത്തെത്തി. ഇതിലെവിടെ രാഷ്ട്രീയമെന്ന് അദ്ദേഹം ചോദിച്ചു. ഇത് രാജ്യസ്‌നേഹ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. മിന്നലാക്രമണത്തെ കുറിച്ചും സൈനികര്‍ ചെയ്യുന്ന സേവനങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും ഈ പരിപാടി നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. പരിപാടി സംഘടിപ്പിക്കണമെന്ന ആവശ്യം ഒരു സ്ഥാപനത്തിനു മേലും അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News