Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീകളുടെ പിന്നിലാര്, സംശയമുന്നയിച്ച് സി.പി.എം 

തിരുവനന്തപുരം- കന്യാസ്ത്രീകളുടെ സമരത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് സ്വീകരിച്ചത് കേരളത്തെ ഞെട്ടിച്ചു. സമര കോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികൾ തടസ്സപ്പെടുത്തരുതെന്നും ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. പീഡനക്കേസിൽ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. സർക്കാരിൽ നിന്ന് ഒരാനുകൂല്യവും ലഭിക്കില്ലെന്നും വൈദികനായാലും മുക്രിയായാലും സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. വിമോചനസമരത്തിന് വേണ്ടി ക്രിസ്ത്യൻ വിഭാഗത്തെ ഒരുക്കിയിറക്കിയ പോലെ ബിഷപ്പിനെതിരായ സമരത്തിലും ബാഹ്യഅജണ്ടകളുണ്ടെന്നാണ് സി.പി.എം കരുതുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും ഒരേപോലെ സമരത്തെ എതിർക്കുന്ന നിലപാടിൽ കേരളത്തിൽ പരക്കെ പ്രതിഷേധമുണ്ട്. 
അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് എസ്.പി ഹരിശങ്കർ. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ അറസ്റ്റ് സംബന്ധിച്ച് സർക്കാർ അഭിഭാഷകരോട് വാക്കാൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിൽ ഇന്ന് രാവിലെ അന്തിമ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിശങ്കർ പറഞ്ഞു. രണ്ടു ദിവസമായി തുടരുന്ന ചോദ്യം ചെയ്യൽ ശനിയാഴ്ച്ച പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ഏഴരയായിട്ടും ചോദ്യം ചെയ്യാൽ പൂർത്തിയാക്കാൻ സാധിക്കാതിരുന്നതിനാലാണ് നീട്ടിയത്. ബിഷപ്പ് ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ പലതിനും വ്യക്തത ആവശ്യമുണ്ട്. വ്യക്തത വരുത്തേണ്ട കാര്യങ്ങൾ പുറത്തു പറഞ്ഞാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പറയാൻ കഴിയില്ല. ഇന്ന് രാത്രി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ചോദ്യം ചെയ്യലിലെ വസ്തുകൾ പരിശോധിക്കും. തുടർന്ന് രാവിലെ 10.30ന് വീണ്ടും ചോദ്യം ചെയ്യൽ ആരംഭിക്കും. ഇന്നത്തോടെ ചോദ്യം ചെയ്യൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. അറസ്റ്റിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇന്നു രാവിലെ ചോദ്യം ചെയ്യൽ പൂർത്തിയാകും. ചോദ്യം ചെയ്യലിൽ ബിഷപ്പ് വളരെയധികം സഹകരിക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ബിഷപ്പിന്റെ മൊഴി കള്ളമോ സത്യമോയെന്നത് സംബന്ധിച്ച് ഈ ഘട്ടത്തിൽ ഒരഭിപ്രായവും പ്രകടിപ്പിക്കാൻ കഴിയില്ല. അത്തരം കാര്യങ്ങൾ പറയേണ്ടത് ഹൈക്കോടതിയിലാണെന്നും എസ്.പി പറഞ്ഞു.
അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെയും അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. ഇന്ന് നിരാഹാര സമരവുമായി അഞ്ച് സ്ത്രീകൾ സമര പന്തലിലുണ്ടാകുമെന്നും സമരസമിതി അറിയിച്ചു. ജനരോഷത്തെ സർക്കാർ അവഗണിക്കുകയാണെന്ന് സമര സമിതി കൺവീനർ ഫാ.അഗസ്റ്റിൻ വട്ടോളി പറഞ്ഞു.  
ഇന്നലത്തെ ചോദ്യം ചെയ്യലിനൊടുവിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീകൾ രാവിലെ സമര വേദിയിലെത്തിയത്. വൈകുന്നേരം നാലു വരെ കാത്തിരുന്നിട്ടും അനുകൂല വാർത്തകളുണ്ടായില്ലെങ്കിലും ശുഭപ്രതീക്ഷയോടെയായിരുന്നു വൈകുന്നേരത്തോടെ കന്യാസ്ത്രീകൾ കുറവിലങ്ങാട് മഠത്തിലേക്ക് മടങ്ങിയത്. വത്തിക്കാൻ ഇടപെട്ട് ഔദ്യോഗിക ചുമതലകളിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കിയ വാർത്ത മാധ്യമ പ്രവർത്തകർ കന്യാസ്ത്രീകളെയും സേവ് ഒവർ സിസ്റ്റേഴ്സ് സമരസമിതി പ്രവർത്തകരെയും അറിയിച്ചപ്പോൾ കൈയടികളോടെയാണ് സദസ് ഇക്കാര്യം സ്വീകരിച്ചത്. നീതി ലഭിക്കുമെന്ന പ്രതീക്ഷകൾ നിറകണ്ണുകളോടെയാണ് സിസ്റ്റർ അനുപമ മാധ്യമ പ്രവർത്തകരുമായി പങ്കുവച്ചത്. ഏത് നിമിഷവും ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനവും സമരവേദി ആവേശത്തോടെ സ്വീകരിച്ചു. ബിഷപ്പിനെ അറസ്റ്റു ചെയ്തുവെന്ന വാർത്തക്ക് കാതോർത്ത് സമരവേദിയിൽ സേവ് ഒവർ സിസ്റ്റേഴ്സ് ഭാരവാഹികളും പിന്തുണ പ്രഖ്യാപിച്ചെത്തിയവരും കാത്തിരിപ്പ് തുടർന്നെങ്കിലും അറസ്റ്റുണ്ടാകില്ലെന്ന് അറിയിപ്പ് ലഭിച്ചതോടെ നിരാശ ബാക്കിയാക്കി ഇന്നലത്തെ സമരങ്ങൾ അവസാനിച്ചു. 
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ അവഗണിച്ച പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെയും ഇന്നലെ സേവ് ഒവർ സിസ്റ്റേഴ്സ് സമര സമിതി പ്രതിഷേധം രേഖപ്പെടുത്തി. സർക്കാരിനെതിരെ നടക്കുന്ന സമരമല്ലെങ്കിൽ കൂടി ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിൽ സമരത്തെ പിന്തുണയ്ക്കേണ്ടത് യു.ഡി.എഫിന്റെ ബാധ്യതയാണെന്ന് സമര സമിതി പറഞ്ഞു. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. 

Latest News