Sorry, you need to enable JavaScript to visit this website.

പുതിയ കേരളം മണ്ണിനും മനുഷ്യനും വേണ്ടി: മണ്ണ്, വെള്ളം  രാസമാലിന്യ പരിശോധനക്ക് തുടക്കം

പാലക്കാട് - 'പുതിയ കേരളം മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി പ്രളയ ബാധിത പ്രദേശങ്ങളിലെ മണ്ണിന്റെയും വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് സംസ്ഥാന തലത്തിൽ തുടക്കമായി. പാലക്കാട് കാവിൽപാട് കോളനിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ ആലത്തൂർ ഉദ്ഘാടനം നിർവഹിച്ചു. 
മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് ആഴമുള്ള ആലോചനകളും സംവാദങ്ങളും കേരളീയ പൊതുമണ്ഡലത്തിൽ വികസിപ്പിച്ചു കൊണ്ടുവരിക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃഷി  പരിസ്ഥിതി വികസനം  തുടങ്ങിയ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങൾ വരേണ്ടതുണ്ട്. 
കഴിഞ്ഞ പതിനഞ്ച്  വർഷമായി കേരളത്തിൽ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയാൻ ശ്രമിച്ച യുവജന പ്രസ്ഥാനം ആണ് സോളിഡാരിറ്റി. പുതിയ കേരളത്തെ കെട്ടിപ്പടുക്കാൻ ഈ കാമ്പയിനിലൂടെ സോളിഡാരിറ്റി ബദൽ വികസന മാതൃക മലയാളികൾക്ക് മുമ്പിൽ സമർപ്പിക്കുമെന്നും ഉമർ ആലത്തൂർ കൂട്ടിച്ചേർത്തു. 
മൈക്രോബയോളജിസ്റ്റും സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ.വി.എം. നിഷാദ് ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് പ്രദേശത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് അദ്ദേഹം നേതൃത്വം നൽകി. 
ജില്ലാ ജനറൽ സെക്രട്ടറി ലുഖ്മാൻ ആലത്തൂർ അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് ഹസനുൽബന്ന സ്വാഗതവും ശിഹാബ് ഒലവക്കോട് നന്ദിയും ആശംസിച്ചു. പ്രദേശത്ത് ശുദ്ധജല വിതരണവും നിർവഹിച്ചു. സക്കീർ പുതുപ്പള്ളിതെരുവ്, മൻസൂർ നാലുവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Latest News