സൗദിയില്‍ വിദേശിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ജിദ്ദ- ദക്ഷിണ ജിദ്ദയിൽ ഇസ്‌കാൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലെ ജീവനക്കാരനായ വിദേശിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാർ നന്നാക്കുന്നതിനുള്ള നിരക്കിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് നാൽപതുകാരൻ വിദേശിയെ ആക്രമിച്ചത്. വർക്ക്‌ഷോപ്പ് സൂപ്പർവൈസറായ വിദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു. 

കാർ നന്നാക്കുന്നതിന് വർക്ക്‌ഷോപ്പിലെത്തിയ യുവാവ് കൂലിയെ ചൊല്ലി ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. രോഷാകുലനായ യുവാവ് പെട്രോൾ നിറച്ച കുപ്പിയുമായി തിരിച്ചെത്തി തൊഴിലാളിയെ ജീവനോടെ കത്തിക്കുന്നതിന് ശ്രമിക്കുകയായിരുന്നു. ഓടിയെത്തിയ മറ്റു തൊഴിലാളികൾ ചേർന്ന് യുവാവിനെ കീഴടക്കി പട്രോൾ പോലീസിന് കൈമാറി. തുടർ നടപടികൾക്കായി പ്രതിയെ സൗത്ത് ജിദ്ദ പോലീസ് സ്റ്റേഷന് കൈമാറി. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.


 

Latest News