റിയാദ്- തട്ടിപ്പുകൾ, വെട്ടിപ്പുകൾ, വ്യാജരേഖാ നിർമാണം എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്നതു മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ സർക്കാരിന് തിരിച്ചടക്കുന്നതിൽ നിന്ന് പ്രതികൾക്ക് ഇളവില്ലെന്ന് അധികൃതർ.
സാമ്പത്തിക ബാധ്യതകൾ തവണകളായി അടക്കുന്നതിനും ഇത്തരക്കാർക്ക് ഇളവുകൾ നൽകാൻ പാടില്ല. അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതികൾക്ക് തട്ടിപ്പിലൂടെയും കൃത്രിമങ്ങളിലൂടെയും വെട്ടിപ്പിലൂടെയും കൈക്കലാക്കുന്ന തുക തിരിച്ചടക്കുന്നതിൽ നിന്ന് യാതൊരുവിധ ഇളവുകളും നൽകാതിരിക്കുന്നതിനുള്ള തീരുമാനം.
തട്ടിപ്പിലൂടെയും കൃത്രിമങ്ങളിലൂടെയും വെട്ടിപ്പിലൂടെയും അനധികൃതമായി പണം സമ്പാദിക്കുന്ന ചിലർ പിന്നീട് സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കിക്കിട്ടുന്നതിനും വർഷങ്ങളുടെ ഇടവേളയിൽ തവണകളായി തിരിച്ചടക്കുന്നതിനും ശ്രമിക്കാറുണ്ട്.
ഗവൺമെന്റിന് ലഭിക്കാനുള്ള സാമ്പത്തിക ബാധ്യതകൾ കാലപ്പഴക്കം മൂലം ഇല്ലാതാകില്ല. ഇത്തരം സാമ്പത്തിക ബാധ്യതകളെ കടമായാണ് പരിഗണിക്കുന്നത്. ഇത്തരം കടങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനും തവണകളായി അടക്കുന്നതിന് അനുവദിക്കുന്നതിനുമുള്ള അപേക്ഷകൾ പഠിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിന് ധനമന്ത്രാലയത്തിൽ മൂന്നംഗ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ അനുമതിയോടെ മാത്രമാണ് സർക്കാരിന് ലഭിക്കാനുള്ള കടങ്ങൾ എഴുതിത്തള്ളുക. സമ്പത്ത് ബാക്കി വെക്കാതെയുള്ള കടക്കാരന്റെ മരണം, കടക്കാരൻ പാപ്പരായി മാറൽ, കടം വീട്ടുന്നതിന് കഴിയാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടൽ എന്നീ സാഹചര്യങ്ങളിൽ അഞ്ചു ലക്ഷം റിയാലിൽ കൂടാത്ത കടങ്ങൾ എഴുതിത്തള്ളുന്നതിന് മന്ത്രിക്ക് അധികാരമുണ്ട്.
ഒറ്റയടിക്ക് കടം വീട്ടുന്നതിന് സാധിക്കാത്തത് സ്ഥിരീകരിക്കുന്ന രേഖകൾ ഹാജരാക്കുന്നവർക്ക് തവണകളായി കടങ്ങൾ വീട്ടുന്നതിന് അനുവദിക്കുന്നതിനും മന്ത്രിക്ക് അധികാരമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തവണകളായുള്ള സാമ്പത്തിക ബാധ്യതാ തിരിച്ചടവ് ഇരുപതു വർഷത്തിൽ കൂടാത്ത നിലക്കാണ് ക്രമീകരിക്കേണ്ടത്.