ആവാസ് യോജന വീടുകളില്‍നിന്ന് മോഡിയുടെ ചിത്രങ്ങള്‍ മാറ്റണമെന്ന് കോടതി

ഗ്വാളിയോര്‍- മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ മാറ്റണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ഡിസംബര്‍ 20ന് മുമ്പ് ഉത്തരവ് നടപ്പാക്കണം.
പി.എം.എ.വൈ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകളില്‍ ഒരു രാഷ്ട്രീയ നേതാവിന്റേയും പേരുണ്ടാകാന്‍ പാടില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോര്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. ഡിസംബര്‍ 20 ന് മുന്നെ ഇത് നീക്കം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കേടതി നടപടി. പൊതുപണം ഉപയോഗിച്ചാണ് ഈ വീിടുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സഞ്ജയ് പുരോഹിതിന്റെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പി.എം.എ.വൈ പദ്ധതിയുടെ ലോഗോ മാത്രമേ ഇനി ഈ വീടുകളില്‍ പതിക്കൂ എന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പതിക്കണമെന്നായിരുന്നു സംസ്ഥാന നഗരവികസന വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ മഞ്ജു ശര്‍മ ഏപ്രില്‍ നാലിന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.

 

Latest News