ജീവനക്കാര്‍ക്കു പിഴച്ചു, വിമാനത്തിനകത്തെ വായു മര്‍ദത്തില്‍ താളപ്പിഴ; യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു

മുംബൈ- വ്യാഴാഴ്ച രാവിലെ മുംബൈയില്‍ നിന്നും ജയ്പൂരിലേക്ക് പറന്നുയര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിനകത്തെ വായു മര്‍ദത്തിലുണ്ടായ താളപ്പിഴ കാരണം മുപ്പതോളം യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു. നിരവധി യാത്രക്കാര്‍ക്ക് തലവേന അനുഭവപ്പെടുകയും അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്ത് വരികയും ചെയ്തു. മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ആയിരുന്നു ഇത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. 166 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഈ അസാധാരണ സംഭവത്തിനു കാരണമായതെന്നു വ്യക്തമായിട്ടുണ്ട്. ടേക്ക് ഓഫ് സമയത്ത് ക്യാബിനിലെ വായു മര്‍ദം  നിയന്ത്രിക്കുന്ന ഒരു സ്വിച് പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരിലൊരാള്‍ വിട്ടു പോയതാണ് സംഭവത്തിനിടയാക്കിയത്. ഇയാളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു. 

പ്രശ്‌നങ്ങള്‍ നേരിട്ട യാത്രക്കാരെ ഡോക്ടര്‍മാര്‍ പരിശോധിച്ചു വരികയാണ്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് ഡി.ജി.സി.എ അറിയിച്ചു. മുകളിലോട്ട് പറന്നുയരുമ്പോള്‍ ക്യാബിനിലെ വായുമര്‍ദം നിയന്ത്രിക്കുന്ന സ്വിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ വിട്ടുപോയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ഡി.ജി.സി.എ ഓഫീസര്‍ പറഞ്ഞു. വിമാനത്തിനകത്തുണ്ടായ രംഗങ്ങള്‍ യാത്രക്കാരില്‍ ഒരാളായ ദര്‍ശക് ഹാത്തി പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ചു.

വിമാനം സുരക്ഷിതമായി തിരിച്ച് മുംബയില്‍ ഇറക്കിയതായി ജെറ്റ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു. എല്ലാ യാത്രക്കാരേയും സുരക്ഷിതരായി ഇറക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ പരാതിപ്പെട്ട എല്ലാ യാത്രക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കി. യാത്രക്കര്‍ക്ക് ബദല്‍ യാത്രാ മാര്‍ഗങ്ങള്‍ ഒരുക്കുമെന്നും ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.
 

Latest News