റിയാദ്- യുദ്ധമുഖത്ത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സൈനികര്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ലഭിക്കില്ല. യെമനില്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഏര്‍പ്പെട്ട ഇസ്‌ലാമിക സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവും ആരോപിക്കപ്പെട്ട് നടപടി നേരിടുന്ന സൈനികര്‍ക്ക് മാത്രമാണ് രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. യെമനിലെ സഅദയില്‍ ഹൂത്തി മിലീഷ്യകളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് സഖ്യസേന വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം കുറ്റവാളികളെ പരിഗണിക്കുന്നില്ലെന്ന് സഖ്യസേന വിശദീകരണം നല്‍കിയത്.