കുട്ടികളുമായുള്ള അടുപ്പം ഇങ്ങനെ വേണം; ഒരു സൗദി വിദ്യാലയക്കാഴ്ച-video

അബഹ- സ്ഥലം മാറിപ്പോയ അധ്യാപകന്‍ കാണാനെത്തിയപ്പോള്‍ മഹായില്‍ അസീര്‍ അല്‍മുറബ്ബയിലെ അല്‍റാശിദൂന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ നല്‍കിയ സ്വീകരണം സ്‌നേഹക്കാഴ്ചയായി. കഴിഞ്ഞ വര്‍ഷം തങ്ങളെ പഠിപ്പിച്ച അധ്യാപകന്‍ അപ്രതീക്ഷിതമായി കാണാനെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ഗുരുനാഥനോടുള്ള സ്‌നേഹവായ്പും ആദരവും പ്രകടിപ്പിച്ചത്. പഴയ വിദ്യാര്‍ഥികളെ കാണാനെത്തിയ അധ്യാപകന്‍ ക്ലാസില്‍ പ്രവേശിച്ചയുടന്‍ വിദ്യാര്‍ഥികള്‍ ഓടിയണഞ്ഞ് അദ്ദേഹത്ത ആശ്ലേഷിക്കുകയും ഉമ്മ വെക്കുകയുമായിരുന്നു. അധ്യാപകനെ വാരിപ്പുണരുന്നതിനും ഉമ്മ നല്‍കുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും വിദ്യാര്‍ഥികള്‍ തിക്കും തിരക്കുമുണ്ടാക്കി.


നൂറു കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു സ്‌കൂളിലേക്കാണ് അധ്യാപകന്‍ അബ്ദുല്‍ അസീസ് അല്‍ശഹ്‌രി സ്ഥലം മാറ്റം വാങ്ങിപ്പോയത്. പഴയ വിദ്യാര്‍ഥികളെ കാണുന്നതിന് ഇദ്ദേഹം മിഠായികളുമായി കഴിഞ്ഞ ദിവസം അല്‍റാശിദൂന്‍ സ്‌കൂളിലെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മഹായില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ അല്‍റാശിദൂന്‍ എലിമെന്ററി, ഇന്റര്‍മീഡിയറ്റ് സ്‌കൂളില്‍ നിയമിക്കുകയായിരുന്നെന്ന് അബ്ദുല്‍ അസീസ് അല്‍ശഹ്‌രി പറഞ്ഞു. ഹെഡ്മാസ്റ്റര്‍ തനിക്ക് ഒന്നാം ക്ലാസിന്റെ ചുമതലയാണ് നല്‍കിയത്. ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നതിന് മതിയായ പരിചയമില്ലെന്ന കാരണം പറഞ്ഞ് ചുമതല ഒഴിയാന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നു. തന്റെ മകള്‍ ജുമാനയും ഒന്നാം ക്ലാസില്‍ തന്നെയാണെന്നത് പിന്നീട് ഒന്നാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നതിന്  പ്രചോദനമായി. ഒന്നാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നതിന് നേരിട്ട പ്രതിബന്ധങ്ങളെല്ലാം രക്ഷാകര്‍ത്താക്കളുടെ കൂടി സഹകരണത്തോടെ താന്‍ വിജയകരമായി തരണം ചെയ്യുകയായിരുന്നെന്നും അബ്ദുല്‍ അസീസ് അല്‍ ശഹ്‌രി പറഞ്ഞു.

 

Latest News